ഒടുവില്‍ പൂട്ടുവീണു
വടകര: രേഖകളില്ലാതെ രണ്ടുവര്‍ഷമായി സര്‍വിസ് നടത്തിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടക്കാതെയും റജിസ്ട്രേഷന് ചെയ്യാതെയും കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍വിസ് നടത്തിയ ലാന്‍ഡ് ലോവര്‍ ഡിസ്കവറി മോഡല്‍ ആഡംബര കാറാണ് ഇന്നലെ ഉച്ചയ്ക്ക് 12ന് ദേശീയപാതയിലെ തിക്കോടിയില്‍ വച്ച് പിടിച്ചെടുത്തത്. വടകര ആര്.ടി.ഒ വി.വി. മധുസൂദനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എം.വി.ഐ എ.ആര് രാജേഷ്, എ.എം.വി.ഐ വി. അസീം എന്നിവര്‍ ചേര്‍ന്ന് പിടിച്ചെടുക്കുകയായിരുന്നു. 80 ലക്ഷം വില വരുന്നതാണ് ഈ കാര്‍.
കസ്റ്റഡിയിലെടുത്ത കാര്‍ പയ്യോളി പൊലിസ് സ്റ്റേഷനിലേക്കു മാറ്റി. 2016 മോഡല്‍ കാറാണിത്. 24620 കിലോ മീറ്റര്‍ ഓടിയതായും റീഡിങ്ങില്‍ കാണുന്നു. എറണാകുളത്തെ ഷോറൂമില്‍ നിന്നു മട്ടന്നൂരിലെ ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടി കൊണ്ടുപോകുകയായിരുന്നു.
കാറിന്റെ വിലയുടെ 20 ശതമാനം അടച്ചാല്‍ മാത്രമേ ട്രയലിനും ഡെമോണ്‍സ്ട്രേഷനും വാഹനം ഉപയോഗിക്കാന്‍ പാടുള്ളൂവെന്നു മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിയമം ലംഘിച്ചതിനാണു കാര്‍ കസ്റ്റഡിയിലെടുത്തത്. നികുതി അടച്ച് റജിസ്ട്രേഷന് ചെയ്താല്‍ മാത്രമേ വാഹനം തിരിച്ചുനല്‍കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."