മലമ്പനിക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: മലമ്പനി പരത്തുന്ന കൊതുകുകള്‍ ജില്ലയില്‍ പെരുകിയതായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ജില്ലയിലെ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി പ്രദേശങ്ങളില്‍ മലമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോഴാണ് കൊതുകകളുടെ അമിത സാന്നിധ്യം കണ്ടെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്നിധ്യം കൂടുതലെന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ സ്റ്റേറ്റ് എഡമോളജിസ്റ്റ് ഡോ. ഉമറുല്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രോഗങ്ങള്‍ റിപ്പര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ സാന്ദ്രതാ പഠനവും രോഗ സാധ്യതാ പഠനവും നടത്തി. ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ് അനില്‍ കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഭാസ്‌കരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന സംഘം നടത്തിയ സര്‍വേയിലാണ് മലമ്പനി രോഗം പരത്തുന്ന അനോഫിലിസ് കൊതുകുകളുടെ സാന്ദ്രത ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയത്.
പ്രദേശത്തെ ഭൂരിഭാഗം കിണറുകളിലും കെട്ടിടത്തിന് മുകളിലെ മൂടിയില്ലാത്ത ടാങ്കുകളിലും ടെറസില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇത്തരം കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ പശുതൊഴുത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അനോഫിലിസ് കൊതുകിന്റെ സാന്ദ്രതയും കൂടുതലാണെന്ന് കണ്ടെത്തി.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും രോഗ നിരീക്ഷണവും ഊര്‍ജിതപ്പെടുത്തേണ്ടതുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു. ജില്ലാ വെക്ടര്‍ കണ്‍ടോള്‍ യൂനിറ്റിലേയ്ക്കും മങ്കട ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള കര്‍മ പദ്ധതി തയാറാക്കിയതായും നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത വീടുകളുടെ അര കിലോമീറ്റര്‍ അകലത്തില്‍ രാത്രി കാലങ്ങളിലുള്ള ഫോഗിങ്, വീടുകള്‍ക്കുള്ളില്‍ കീടനാശിനി സ്‌പ്രേയിങ്, കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കല്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കീടനാശിനി സ്‌പ്രേയിങ്, മൂടിയില്ലാത്ത ടാങ്കുകളില്‍ കൊതുക് വലയിടല്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധന എന്നിവയാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."