പാലത്തായി പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം: പിന്നില്‍ അന്വേഷണോദ്യാഗസ്ഥരുടെ അനാസ്ഥ; കുറ്റപത്രം സമര്‍പ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരയെ കാണാതെ; അട്ടിമറി നടന്നതായി അഭിഭാഷകന്‍
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതിനു പിന്നില്‍ അന്വേഷണോദ്യാഗസ്ഥരുടെ നീതികരിക്കാനാവാത്ത അലംഭാവമാണെന്ന് അഭിഭാഷകനായ അഡ്വ. മുനാസ്. നീതിതേടിയെത്തിയ ഒരു കൊച്ചുപെണ്‍കുട്ടിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചത് അതിക്രമമാണെന്നും ഈ ജാമ്യം സമൂഹത്തിനും നീതിന്യായ വ്യവസ്ഥക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
സംഭവത്തില്‍ കുട്ടിക്ക് നീതി നേടികൊടുക്കാനും പ്രതിക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കാനും ശക്തമായ പ്രക്ഷോഭത്തിനിറങ്ങേണ്ടതുണ്ടെന്നുമാണ് ഉയരുന്ന ആവശ്യം.
തലശ്ശേരി പോക്സോ കോടതിയാണ് കേസിലെ പ്രതിയും കുട്ടിയുടെ അധ്യാപകനുമായ പത്മരാജനു സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിനു മേല്‍ മറ്റു വാദങ്ങളൊന്നും കോടതിയില്‍ നടന്നില്ല. ജാമ്യം അനുവദിച്ചുവെന്ന് മാത്രമാണ് ജഡ്ജി ഉത്തരവിട്ടത്. അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നതിനാല്‍ സ്വാഭാവിക ജാമ്യമെന്ന നിലയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചതും.
കേസില്‍ പോക്സോ വകുപ്പ് ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 16നാണ് പാലത്തായിയിലെ സ്‌കൂളില്‍ വെച്ച് കുട്ടിയെ പ്രതിയായ അധ്യാപകന്‍ പീഡനത്തിരയാക്കിയത്. ഒന്നിലധികം തവണ അധ്യാപകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പത്തുവയസുകാരിയുടെ മൊഴി. പൊലിസിനും മജിസ്‌ട്രേറ്റിനും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുമടക്കം എല്ലാ തെളിവുകളുണ്ടായിട്ടും പിന്നെന്തുകൊണ്ട് കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചേര്‍ത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത് പ്രതിയെ രക്ഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളാണെന്നാണ് ഉയരുന്ന സംശയം. അന്വേഷണ ഉദ്യോഗസ്ഥര്‍ അങ്ങനെ ഈ കേസിനെ അട്ടിമറിച്ചതായി സംശയിക്കാം.
സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജന്‍ അറസ്റ്റിലിലായത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയിലും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
നേരത്തെ പ്രതി മൂന്നു തവണ തലശ്ശേരി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കി. ഹൈക്കോടതിയില്‍ ജാമ്യത്തിനുശ്രമിച്ചിട്ടും ലഭിച്ചില്ല. കോടതികള്‍ ഗൗരവപൂര്‍ം സമീപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കേസിനെ ഉദ്യോഗസ്ഥര്‍ ലാഘവത്തോടെ കണ്ടു. മൈനറായ ഇരകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ നിയമവ്യവസ്ഥയുടെ ഉദ്ദേശശുദ്ധിയെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി.
ഇതിന് അന്വേഷണ ഉദ്യോഗസ്ഥരും വകുപ്പുകൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഉത്തരം പറയണം. രണ്ടു മാസമായി കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട്. എന്നിട്ടും കേസില്‍ പോക്സോ വകുപ്പ് ചുമത്താന്‍ തെളിവു ലഭിച്ചില്ലെന്നാണ് പറയുന്നത്. തെളിവു ലഭിക്കുന്ന മുറക്ക് ചേര്‍ക്കാന്‍ അനുവദിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
120 ദിവസം കഴിഞ്ഞിട്ടും അതിനു കഴിയാത്തവര്‍ക്ക് ഇനി എങ്ങനെ കഴിയുമെന്ന് വിശ്വസിക്കാനാവില്ല.
അതിനേക്കാള്‍ പ്രഹസനം, ഇത്ര കാലമായിട്ടും കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ഇരയായ പെണ്‍കുട്ടിയെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥന്‍ ഇരയെ കാണണം. സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെക്കൂടി കൂട്ടണം. അവര്‍ ചോദിച്ചാല്‍ പെണ്‍കുട്ടി എല്ലാം പറയും. പത്തുവയസുകാരിയായ ഒരു പെണ്‍കുട്ടി പീഡനത്തിനുവിധേയയായി മൊഴി നല്‍കിയാല്‍ പിന്നീടത് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥരുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."