നിലമ്പൂരില്‍ 1,000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി
നിലമ്പൂര്‍: ജില്ലാ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍നിന്നു നിരോധിത വെളിച്ചെണ്ണ പിടികൂടി. നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊത്തവിപണ കേന്ദ്രത്തില്‍നിന്നാണ് ആയിരത്തോളം ലിറ്റര്‍ റോയല്‍ കുക്ക് എന്ന വ്യാപാരനാമത്തിലുള്ള വെളിച്ചെണ്ണ പിടികൂടിയത്. സ്ഥാപനത്തില്‍ ഈ നിരോധിത ബ്രാന്‍ഡ് വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്ന പരിശോധന.
ഭക്ഷ്യ സുരക്ഷാ വിഭാഗം ക്വിക് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വെളിച്ചെണ്ണ സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ തന്നെ വടപുറത്ത് കൊണ്ടുപോയി അധികൃതരുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു. വീണ്ടും നിരോധിത വെളിച്ചെണ്ണ വില്പന നടത്തിയാല്‍ കര്‍ശന നടപടികളാണുണ്ടാവുകയെന്ന് താക്കീത് നല്കി. ജില്ലയില്‍ തന്നെ ആദ്യമായാണ് നിരോധിത വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മേലാറ്റൂരില്‍ നിന്നുമാണ് ഈ ബ്രാന്‍ഡ് കടയിലെത്തിയതെന്നാണ് വിവരം. 500, 250 മില്ലീ ലിറ്റര്‍, ഒരു ലിറ്റര്‍ പാക്കറ്റുകളിലായാണ് കടയില്‍ ഇത് സൂക്ഷിച്ചിരുന്നത്. അന്‍പതിലധികം പെട്ടികളിലായി കടക്കകത്തുതന്നെയാണ് വെളിച്ചെണ്ണ ഉണ്ടായിരുന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് എണ്‍പതോളം ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകളുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. നിലമ്പൂര്‍, വള്ളിക്കുന്ന്, തിരൂര്‍ താലൂക്കുകളിലെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ എം.ആര് ഗ്രേസ്, വി.എസ് നീലിമ, അബ്ദുല്‍ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."