'കൈഞരമ്പു മുറിച്ച ശേഷം ബ്ലെയ്ഡ് വിഴുങ്ങി'-ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പൊലിസ്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയ യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. ബ്ലെയ്ഡ് കൊണ്ട് കൈ ഞരമ്പു മുറിച്ച ശേഷം ബ്ലെയ്ഡ് വിഴുങ്ങിയതായി ജയഘോഷ് പറഞ്ഞെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ജയഘോഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു. രാജ്യദ്രോഹം കുറ്റം ചെയ്തിട്ടില്ല, സ്വര്‍ണക്കടത്തിനു കൂട്ടുനിന്നിട്ടില്ല എന്നായിരുന്നു ജയഘോഷിന്റെ വാക്കുകള്‍.
വീടിനു സമീപത്തെ പറമ്പില്‍ റോഡിനോട് ചേര്‍ന്നാണ് ജയ്ഘോഷിനെ കണ്ടെത്തിയത്. നാട്ടുകാരനാണ് ജയഘോഷിനെ കണ്ടത്. രോഡിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒരാള്‍ മറിഞ്ഞു വീണ നിലയില്‍ കണ്ടപ്പോള്‍ പോയി നോക്കിയതാണെന്ന് നാട്ടുകാരനായ ബെന്നി പ്രതികരിച്ചു. ബെന്നിയാണ് ജയഘോഷിനെ ആദ്യം കണ്ടതെന്നാണ് പറയുന്നത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് ജയഘോഷിനെ കാണാതായത്. ഒരു ഫോണ്‍ വന്നപ്പോള്‍ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാത്രി മുഴുവന്‍ സമീപപ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിരുന്നു.
സ്വപ്ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ ജയഘോഷിന്റെ നമ്പറുമുണ്ട്. ജൂലൈ 3,4,5 തീയതികളില്‍ ജയഘോഷിനെ സ്വപ്ന പലതവണ വിളിച്ചിരുന്നു. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."