മലയാളം നിര്‍ബന്ധമാക്കല്‍ ഓര്‍ഡിനന്‍സ് ; കന്നഡ ഭാഷാ അധ്യാപകര്‍ ക്ലസ്റ്റര്‍ യോഗം ബഹിഷ്‌ക്കരിച്ചു
കാസര്‍കോട്: ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലടക്കം മലയാളം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിനെതിരേ കന്നഡ ഭാഷാ അധ്യാപക സംഘടനകള്‍ രംഗത്ത്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള വിദ്യാഭ്യാസ ഉപജില്ലകളിലെ കന്നഡ ഭാഷാ അധ്യാപകര്‍ ഇന്നലെ ക്ലസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. ഇന്നു മുതല്‍ ഈ മൂന്ന് ഉപജില്ലകളിലെയും ഓഫിസുകള്‍ക്കു മുന്നില്‍ കന്നഡ ഭാഷാ അധ്യപകര്‍ ഉപവാസമിരിക്കും. മധ്യവേനലവധിയില്‍ നടക്കുന്ന പരിശീലന പരിപാടികളിലും ക്യാംപുകളിലും സഹകരിക്കേണ്ടതില്ലെന്നും കന്നഡ ഭാഷാ അധ്യാപക സംഘടന തീരുമാനിച്ചു.
കേരളാ സ്റ്റേറ്റ് കന്നഡ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഇന്നലെ കന്നഡ ഭാഷാ അധ്യാപകര്‍ ക്ലസ്റ്റര്‍ മൂന്നു വിദ്യാഭ്യാസ ഉപജില്ലകളിലെ ക്ലസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്‌കരിച്ചത്.
ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയാല്‍ നേരത്തെ മുതല്‍ ഇവിടെ താമസിക്കുകയും കന്നഡ സംസാരിക്കുകയും ചെയ്യുന്നവരുടെ സംസ്‌കാരം തന്നെ ഇല്ലാതാവുമെന്നാണു കന്നഡ ഭാഷാ അധ്യാപകരുടെ വാദം. ഞങ്ങള്‍ മലയാളത്തിന് എതിരല്ലെന്നും കന്നഡ സംസ്‌കൃതിയെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയത്തെയാണ് എതിര്‍ക്കുന്നതെന്നും കന്നഡ അധ്യാപക നേതാക്കള്‍ പറയുന്നു. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രീതി തന്നെ പിന്‍തുടരണമെന്നാണു കന്നഡ ഭാഷാ അധ്യാപകരുടെ ആവശ്യം.
സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിനെ ചൊല്ലി കാസര്‍കോട് വിവാദം കത്തുന്നതിനിടെയാണു കന്നഡ ഭാഷാ അധ്യാപകര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയതു ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി ഭാഷാന്യൂനപക്ഷങ്ങളെ സര്‍ക്കാരിനെതിരേ തിരിക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ വാദം.
മലയാളം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സ് ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു പ്രഖ്യാപിച്ചു ബി.ജെ.പി സമരരംഗത്തിറങ്ങാന്‍ പോവുകയാണ്. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിം ലീഗ് നേതൃത്വവും സമര രംഗത്ത് ഇറങ്ങാന്‍ പോവുകയാണ്.
സി.പി.എം ഇതേവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, എന്‍.ടി.യു എന്നീ അധ്യാപക സംഘടനകള്‍ കന്നഡ ഭാഷാ അധ്യാപകരുടെ സമരത്തിന് മൗന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."