മുഖ്യമന്ത്രിയും സി.പി.എമ്മും പറഞ്ഞത് തെറ്റ്
സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയും ഉണ്ടാക്കി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് ഓപറേഷന്‍ മാനേജരായി നിയമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇതു സൂചിപ്പിക്കുന്നത്. സ്വപ്നയെ നിയമിച്ചത് പി.ഡബ്ല്യു.സി വഴിയെന്നായിരുന്നുവെന്നാണ് നേരത്തേ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പറഞ്ഞിരുന്നത്.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടതിലൂടെ അഖിലേന്ത്യ സര്‍വിസ് റൂളുകളുടെ ലംഘനം ശിവശങ്കര്‍ നടത്തിയതായും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവില്‍ അലവന്‍സുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിലാണു വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സ്വര്‍ണക്കടത്തില്‍ കസ്റ്റംസിന് നിര്‍ണായകമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വ്യാജ രേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും സീലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച യന്ത്രവുമാണ് പിടിച്ചെടുത്തത്. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ പക്കല്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കസ്റ്റംസ് ക്ലിയറന്‍സിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും വ്യക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലും കസ്റ്റംസിന് വിലപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."