പാലമൊരുങ്ങി മാതൃകാ പ്രവര്‍ത്തനവുമായി മഴൂര്‍ നിവാസികള്‍
തളിപ്പറമ്പ്: സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായ മഴൂര്‍ മോഡല്‍ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന ആദ്യത്തെ ആസ്തി അധിഷ്ഠിത പദ്ധതിയിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മഴൂര്‍ പള്ളിവയലില്‍ നിന്നു കാവുങ്കര റോഡിലുള്ള പുറന്തോട് വിസിബി കം ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായതോടെ മഴൂരില്‍ നിന്നു പന്നിയൂര്‍ എസ്.പി ബസാറിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കാനാകും. വെണ്ടഡ് ക്രോസ് ബാര്‍ ഉള്ളതിനാല്‍ സംഭരിക്കപ്പെടുന്ന വെള്ളം കൃഷിക്ക് പ്രയോജനപ്പെടുത്തുന്നതിനും സൗകര്യമുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ പണികളൊന്നും നടക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി മഴൂരിലെ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. നേരത്തെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ച 21.5 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുളള പാലം പണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കുറുമാത്തൂര്‍ പഞ്ചായത്തിന്റെയും പത്തുലക്ഷം വീതവും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു 38 ലക്ഷവും ചേര്‍ത്ത് 58 ലക്ഷം രൂപയാണ് നീക്കി വച്ചിരുന്നത്. എന്നാല്‍ 40 ലക്ഷം രൂപ മാത്രമാണ് നിര്‍മാണത്തിനു ചെലവു വന്നതെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന്‍ പറഞ്ഞു. എം. സുജിത്ത് ചെയര്‍മാനും വി.വി ഗോവിന്ദന്‍ കണ്‍വീനറുമായ ജനകീയ കമ്മറ്റിയാണ് നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചത്.
മെയ് അവസാനത്തോടെ പാലം തുറന്നുകൊടുക്കും. നാട്ടുകാരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് പുറന്തോട് വിസിബി കം ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായതോടെ സഫലമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."