HOME
DETAILS
MAL
രാജസ്ഥാനിലെ പ്രതിസന്ധി സര്‍ക്കാരിനെ മറിച്ചിടാന്‍ കേന്ദ്രമന്ത്രി ?
backup
July 18 2020 | 03:07 AM
രണ്ടു വിമത എം.എല്‍.എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയെന്ന ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. സര്‍ക്കാരിനെ മറിച്ചിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്രസിങ് ഷെഖാവതും സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം.എല്‍.എയും മറ്റൊരാളും നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടു. ഇതോടെ, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്, കോണ്‍ഗ്രസ് വിമത എം.എല്‍.എ ഭന്‍വര്‍ ലാല്‍ ശര്‍മ തുടങ്ങിയവര്‍ക്കെതിരേ രാജസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തു. കേസില്‍ ബി.ജെ.പി നേതാവും വ്യവസായിയുമായ സഞ്ജയ് ജയിനെന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നീ വിമത എം.എല്‍.എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരാണ്. ഇവരോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുമുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം ഇന്നലെ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.
നിഷേധിച്ച് ഗജേന്ദ്രസിങ് ഷെഖാവത്
ന്യൂഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതായി പുറത്തായ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പ്രിയങ്ക വിളിച്ചതിനു പിന്നാലെ പാര്‍ട്ടി നടപടിയെടുത്തെന്ന് ആക്ഷേപം
ജയ്പൂര്‍: രാജസ്ഥാനില്‍നിന്നു ഡല്‍ഹിയിലേക്കു തിരിച്ചതു മുതല്‍ കോണ്‍ഗ്രസ് നേതാക്കളുമായി സച്ചിന്‍ പൈലറ്റ് കൃത്യമായ അകലം പാലിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതായി വിവരം. മുതിര്‍ന്ന നേതാവ് പി. ചിദംബരം, അഭിഭാഷകനും പാര്‍ട്ടി നേതാവുമായ മനു അഭിഷേക് സിങ്‌വി എന്നിവരുമായി സച്ചിന്‍ പൈലറ്റ് ആശയവിനിമയം നടത്തിയിട്ടുണ്ട്.
താനുമായി പൈലറ്റ് സംസാരിച്ചെന്നും പാര്‍ട്ടി നല്‍കിയ അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് താന്‍ നിര്‍ദേശിച്ചെന്നും പി. ചിദംബരം വ്യക്തമാക്കി. സച്ചിനെ ഉടന്‍തന്നെ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചയ്ക്കു വിളിക്കുമെന്നും അദ്ദേഹത്തെ കേന്ദ്രനേതൃത്വത്തില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. എന്നാല്‍, പ്രിയങ്കാ ഗാന്ധിയുമായി കഴിഞ്ഞ ചൊവ്വാഴ്ച സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയിരുന്നെന്നും അവര്‍ പ്രശ്‌നപരിഹാരം ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കകമാണ് പൈലറ്റിനെ പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതെന്നും ആരോപിച്ച് പൈലറ്റ് പക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."