നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ഇലക്ടറല്‍ ഓഫിസര്‍
ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പേരില്‍ വോട്ട്‌ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്ന് മഹാരാഷ്ട്ര ഇലക്ടറല്‍ ഓഫിസര്‍. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് ഇലക്ടറല്‍ ഓഫിസര്‍ വിലയിരുത്തി. ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ആദ്യവോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. ഇതുപ്രകാരം ഉസ്മാനാബാദ് ജില്ലാ ഭരണകൂടമാണ് പ്രസംഗം പരിശോധിച്ചത്. പ്രസംഗം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടമാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
നേരത്തെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും സൈനികരെ 'മോദി സേന' എന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയും സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇത് നിലനില്‍ക്കെയാണ് മോദിയുടെ ചട്ടലംഘനം.
ലാത്തൂരിലെ മോദിയുടെ വിവാദ പ്രസംഗം:
''നിങ്ങള്‍ക്കിപ്പോള്‍ 18 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടിയാവണം നിങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കേണ്ടത്. കര്‍ഷകര്‍ക്കായി വയലില്‍ വെള്ളം എത്തിക്കുന്നതിനു വേണ്ടിയാവണം നിങ്ങളുടെ ഓരോ വോട്ടുകളും. നിങ്ങള്‍ക്ക് ആദ്യമായി ശമ്പളം കിട്ടുമ്പോള്‍ നിങ്ങള്‍ അത് അമ്മയ്‌ക്കോ സഹോദരിമാര്‍ക്കോ ആവും നല്‍കുക. അതുപോലെ നിങ്ങളുടെ കന്നിവോട്ട് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും അതിനു പ്രതീകമായി പാകിസ്താനിലെ ബാലാക്കോട്ടിലുള്ള തീവ്രവാദി ക്യാംപുകള്‍ ആക്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ?''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."