സുശീല ഭട്ടിനെ നീക്കിയതിനെതിരേ പ്രതിഷേധവുമായി തോട്ടം സമരസമിതി
കോട്ടയം: സ്‌പെഷല്‍ ഗവ. പ്ലീഡര്‍ സുശീല ഭട്ടിനെ നീക്കിയ നടപടിക്കെതിരേ പ്രതിഷേധവുമായി ടി.ആര്‍ ആന്റ് ടി തോട്ടം സമരസമിതി രംഗത്ത്. നടപടി റവന്യൂഭൂമി അനധികൃതമായി കൈവശം വച്ച തോട്ടം ഉടമകളെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂ എന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹാരിസണ്‍ മലയാളം, കണ്ണന്‍ ദേവന്‍, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി തുടങ്ങിയ കൈയേറ്റക്കാര്‍ക്കെതിരേയുള്ള നിയമ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കേ ഗവ. പ്ലീഡറെ മാറ്റിയ നടപടി സര്‍ക്കാരിനു ദോഷം ചെയ്യും.
വന്‍കിട തോട്ടം ഉടമകളുമായി ബന്ധപ്പെട്ട റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്ന സാഹചര്യത്തില്‍ അതിനു പരിഹാരമായാണ് സുശീല ഭട്ടിനെ നിയമിച്ച് 2012ല്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തുടര്‍ന്ന് 300ല്‍ പരം കേസുകളില്‍ സര്‍ക്കാരിന് അനുകൂല തീരുമാനം ഉണ്ടാവുന്നതിന് അവരുടെ പ്രവര്‍ത്തനം സഹായകമായി. ഡോ. എം.ജി.രാജമാണിക്യത്തെ റവന്യൂഭൂമി പിടിച്ചെടുക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫിസറായി നിയമിച്ചതും ഇവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു. തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ച അമ്പതിനായിരത്തില്‍പരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള രാജമാണിക്യത്തിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയിരുന്നു.
ഹാരിസണ്‍ മലയാളത്തിനു അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയില്‍ നിന്നു തനിക്ക് സമ്മര്‍ദമുള്ളതായി രാജമാണിക്യം കഴിഞ്ഞദിവസം പരാതിപ്പെട്ട വിവരവും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ സുശീല ഭട്ടിനെ നീക്കിയ നടപടി ആസൂത്രിതമാണെന്നും അവര്‍ ആരോപിച്ചു.
സമര സമിതി ജനറല്‍ കണ്‍വീനര്‍ പ്രൊഫ. റോണി കെ ബേബി, ജനറല്‍ സെക്രട്ടറി സോമന്‍ വടക്കേക്കര, സമിതിയംഗം വിപിന്‍ അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."