സൗമ്യ വധക്കേസ്: തിരുത്തല്‍ ഹരജി നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവരും അംഗങ്ങളാണ്. നാളെയാണ് ഹരജി പരിഗണിക്കുന്നത്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ മാതാവിന്റെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം സുപ്രിംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തിരുത്തല്‍ ഹരജി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി തയാറാക്കിയ തിരുത്തല്‍ ഹരജി പരിഗണിക്കാന്‍ സുപ്രിം കോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന ആറംഗ ബഞ്ചിനാണ് ചീഫ് ജസ്റ്റിസ് രൂപം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്താവിച്ച രഞ്ജന്‍ ഗോഗോയി, പി.സി പന്ത്, യു.യു ലളിത് എന്നിവരും ബെഞ്ചിന്റെ ഭാഗമാവും.
ചേംബറില്‍ വച്ചാകും ഹരജി പരിഗണിക്കുക. ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹരജി നല്‍കിയിരിക്കുന്നത്. സൗമ്യയെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടതിന് തെളിവില്ല എന്ന കാരണത്താലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി ഇളവ് ചെയ്തത്. എന്നാല്‍, മറ്റെല്ലാ തെളിവുകളും എതിരായ സ്ഥിതിക്ക് ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കരുതെന്നാണ് തിരുത്തല്‍ ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരിടവേളക്ക് ശേഷമാണ് സൗമ്യ കേസില്‍ സുപ്രിംകോടതിയില്‍ വീണ്ടും നിയമപോരാട്ടം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."