മൂക്കുന്നിമലയിലെ നിലവിലുള്ള ക്വാറികള്‍ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: മൂക്കുന്നിമലയിലെ നിലവിലുള്ള ക്വാറികള്‍ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്വാറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ക്വാറികള്‍ക്ക് അനുവദിച്ചിട്ടുള്ള കാലയളവില്‍ കേസ് നടത്തിപ്പിനെത്തുടര്‍ന്ന് നിറുത്തിവെക്കേണ്ടി വന്ന സമയം കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മൂക്കുന്നിമലയില്‍ വനമായിരുന്ന പ്രദേശം 1960ലാണ് റബര്‍ കൃഷിക്കാണ് പതിച്ചുനല്‍കിയത്. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിക്ക് കേരള വന നിയമത്തിലെയും വനസംരക്ഷണ നിയമത്തിലെയും വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പട്ടയഭൂമിയിലെ ധാതു ഖനനത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാരിന് കഴിയും. ഇത്തരത്തില്‍ അനുമതി നല്‍കുന്നത് പട്ടയ വ്യവസ്ഥകളുടെ ലംഘനമായി കാണാനാവില്ല. ക്വാറികള്‍ക്കായി അനുവദിച്ച പാട്ടങ്ങളില്‍ ഗവര്‍ണറാണ് ഒപ്പു വച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ അനുമതിയായി ഇതിനെ കണക്കാക്കണം.
മാത്രമല്ല, ഭൂമിയുടെ ശരിയായ സ്വഭാവം മറച്ചുവച്ചാണ് ക്വാറികള്‍ക്ക് അനുമതി വാങ്ങിയതെന്ന പ്രശ്‌നവും ഇവിടെ ഉദിക്കുന്നില്ല. പാരിസ്ഥിതികാനുമതി വിഷയത്തില്‍ സുപ്രിം കോടതി തന്നെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. 2012 മേയ് 18 നു മുമ്പ് അനുമതി ലഭിച്ചതും അഞ്ച് ഹെക്ടറില്‍ താഴെയുള്ളതുമായ ക്വാറികള്‍ക്ക് പോലും പാരിസ്ഥിതികാനുമതി വേണമെന്നുണ്ട്. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് സ്റ്റോപ്പ് മെമ്മോകള്‍ റദ്ദാക്കിയത്.
നെയ്യാറ്റിന്‍കര പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമലയിലെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരേ ക്വാറിയുടമകള്‍ നല്‍കിയ ഹരജികളും ക്വാറികള്‍ക്കെതിരേ നാട്ടുകാരില്‍ ചിലര്‍ നല്‍കിയ ഹരജികളും പരിഗണിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. കേരള വന നിയമം, വനസംരക്ഷണ നിയമം തുടങ്ങിയവ പ്രകാരം നിയന്ത്രണം വേണ്ട മേഖലയിലാണോ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്, വന സംരക്ഷണ നിയമം ക്വാറികള്‍ക്ക് ബാധകമല്ലെങ്കില്‍ ഭൂമി പതിച്ചു നല്‍കല്‍ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചാണോ ഇവ പ്രവര്‍ത്തിക്കുന്നത്, ഭൂമിയുടെ സ്വഭാവം വെളിപ്പെടുത്താതെ ക്വാറികള്‍ക്ക് അനുമതി വാങ്ങിയതാണെങ്കില്‍ പാട്ടം റദ്ദാക്കേണ്ടതുണ്ടോ, ക്വാറികളുടെ പ്രവര്‍ത്തനം തുടരാന്‍ പാരിസ്ഥിതികാനുമതി ആവശ്യമുണ്ടോ എന്നിങ്ങനെ മൂക്കുന്നിമലയിലെ ക്വാറികളുമായി ബന്ധപ്പെട്ട നാലു പ്രശ്‌നങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചത്.
കേരളത്തില്‍ കരിങ്കല്‍ ക്വാറികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നു ഹൈക്കോടതി വിലയിരുത്തി. ഇത്തരം അവസരത്തില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന നയം സര്‍ക്കാര്‍ പുന: പരിശോധിക്കണം. വിവേചന രഹിതമായി ക്വാറികള്‍ അനുവദിക്കുന്നത് വഴിയുണ്ടാകാവുന്ന അപകടങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും ഇതു തടയാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."