ജലന്ധര്‍ ബിഷപ്പിനോടുള്ള മൃദുസമീപനം വ്യക്തമാക്കി സന്ന്യാസിനി മഠം
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടപടി എടുക്കാനാകില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന, കുറവിലങ്ങാട്ടെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്കയച്ച കത്ത് ഇന്നലെ പുറത്തുവന്നു. ബിഷപ്പിനെതിരേ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയറിന് അയച്ച പരാതിക്കുള്ള മറുപടിയാണ് പുറത്തായത്. തന്റെ സഹോദരി കടന്നുപോകുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കന്യാസ്ത്രീയുടെ സഹോദരി പരാതിക്കത്ത് അയച്ചത്. കേസിന്റെ എല്ലാ ഘട്ടത്തിലും ബിഷപ്പിന് സഹായകരമാകുന്ന നിലപാടാണ് സന്ന്യാസിനി മഠം സുപ്പീരിയര്‍ ജനറല്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ബിഷപ്പിനോടുള്ള മഠത്തിന്റെ മൃദുസമീപനം വ്യക്തമാക്കുന്ന കത്ത് പുറത്തായത്.
മിഷനറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സമൂഹം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കീഴിലുള്ളതാണ്. അദ്ദേഹമാണ് അതിന്റെ പേട്രണ്‍. അതിനാല്‍ സ്വാഭാവികമായും അദ്ദേഹത്തിനെതിരേ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് കഴിയില്ല. അദ്ദേഹത്തിന് എതിരേ പ്രവര്‍ത്തിക്കുന്നത് ഈ സന്ന്യാസിനി സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്. മൊത്തം സന്ന്യാസിനി സമൂഹത്തെ ബാധിക്കുന്ന വിഷയമായതു കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ട്. എല്ലാ തീരുമാനങ്ങളും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് എടുക്കാനാകില്ല. മൊത്തം സന്ന്യാസിനി സഭയുടെ നിലനില്‍പ്പിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. താങ്കളും താങ്കളുടെ സഹോദരിയും കടന്നുപോകുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ താന്‍ നിസഹായയാണ്''- മദര്‍ സുപ്പീരിയര്‍ ജനറല്‍ കത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."