ശബരിമലയിലെ ആചാരലംഘനം: തന്ത്രിക്ക് ക്ലീന്‍ ചിറ്റെന്ന് സൂചന
പത്തനംതിട്ട: ആചാരലംഘന വിവാദത്തില്‍ ശബരിമലയിലെ ആചാരങ്ങളുടെ അവസാന വാക്കായ തന്ത്രിയെ രക്ഷപെടുത്താന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്.ഐ ആര്‍. പ്രശാന്ത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതി സ്‌പെഷല്‍ കമ്മിഷണര്‍ക്കും കൈമാറിയത് എന്നാണ് സൂചന.
ശബരിമല സന്നിധാനത്ത് യുവതികളായ സ്ത്രീകള്‍ ദര്‍ശനം നടത്തിയ സംഭവം, ആചാരത്തിന് വിരുദ്ധമായി ഒരു ദിവസം മുന്‍പേ നട തുറന്നത്, ചലച്ചിത്രനടന്‍ ശ്രീ കോവിലിന് മുന്നില്‍ ഇടയ്ക്ക കൊട്ടിയ സംഭവം എന്നിവയാണ് ദേവസ്വം വിജിലന്‍സ് അന്വേഷിച്ചത്. ഇതില്‍ സ്ത്രീകളുടെ ദര്‍ശനം സംബന്ധിച്ച് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീകള്‍ക്കെല്ലാം അന്‍പതു വയസിനു മുകളില്‍ പ്രായമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ രണ്ടു സംഭവങ്ങളില്‍ തന്ത്രിയാണ് ആരോപണ വിധേയന്‍. അവ ആചാരലംഘനങ്ങള്‍ ആണെന്നും അതിന് കൂട്ടുനിന്നത് ശബരിമലയിലെ ആചാരങ്ങളുടെ അവസാന വാക്കായ തന്ത്രിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഒരു ദിവസം മുന്‍പേ നട തുറന്നത് ആചാരലംഘനമാണെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് അന്വേഷണ സംഘം. ഏപ്രില്‍ ഒന്‍പതിന് രാത്രി നട അടച്ച് പത്തിന് വൈകിട്ട് അഞ്ചിന് തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തന്റെ ഇഷ്ടക്കാരനായ വ്യവസായിക്കു വേണ്ടി നട ഒരു ദിവസം മുന്‍പേ തുറക്കാന്‍ തന്ത്രി എക്‌സിക്യൂട്ടീവ് ഓഫിസറോട് ആവശ്യപ്പെട്ടുകയായിരുന്നത്രേ. ഇത് അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചെയ്തതെന്ന് പറയപ്പെടുന്നു. പൂജാദി കാര്യങ്ങളിലും ആചാരപരമായ കാര്യങ്ങളിലും തന്ത്രിയാണ് ശബരിമലയില്‍ അവസാന വാക്ക്. തന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരുമാണ്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേയാണ് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്. ചലച്ചിത്രനടന്‍ ശ്രീ കോവിലിന് മുന്‍പില്‍ ഇടയ്ക്ക കൊട്ടിയ സംഭവത്തിലും ഉദ്യോഗസ്ഥര്‍ തന്നെയാണത്രേ പ്രതിസ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."