എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിന് ഇന്ന് തുടക്കം
വാദീഖുബ (തൃശൂര്‍): സുന്നി മഹല്ല് ഫഡറേഷന്റെ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിന് ഇന്ന് വാദീഖുബയില്‍ (ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ്) എസ്.എം.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കേരളത്തിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മഹല്ലുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കാളികളാവും. പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 2015 ഫെബ്രുവരിയില്‍ തൃശൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ശേഷമെത്തുന്ന സമസ്തയുടെ പോഷകസംഘടനയായ എസ്.എം.എഫിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തെ സ്വീകരിക്കാന്‍ സാംസ്‌കാരിക തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
1987 ല്‍ രൂപീകൃതമായ എസ്.എം.എഫിന്റെ പ്രഥമ ദേശീയ പ്രതിനിധി സമ്മേളനത്തിനാണ് വാദീഖുബ സാക്ഷിയാകുന്നത്. സമൂഹം ഉയര്‍ത്തുന്ന സവിശേഷ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള കരുതലായിരുന്നു എസ്.എം.എഫിന്റെ രൂപീകരണ പശ്ചാത്തലം. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ നിര്‍മിച്ച മസ്ജിദിന്റെ പേരാണ് വാദീഖുബ. ദേശീയ പ്രതിനിധി സമ്മേളനത്തിന്റെ വേദിക്കും ഇതേ പേര് നാമകരണം ചെയ്തത് സമൂഹം എറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഇസ്‌ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ എകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ദേശീയ പ്രതിനിധി സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.
പ്രതിനിധികളെ സ്വീകരിക്കുന്നതിനായി 20,400 സ്‌ക്വയര്‍ഫീറ്റ് ശീതീകരിച്ച പന്തലും, ഭക്ഷണശാല, മെഡിക്കല്‍ ക്ലിനിക്ക്, യാത്രാ സൗകര്യങ്ങള്‍, മീഡിയ റൂം, ഗസ്റ്റ് റൂം, ക്ലോക്ക് റൂം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 250 വിഖായ വളണ്ടിയര്‍മാര്‍ റഷീദ് ഫൈസി വെള്ളായിക്കോടിന്റെ നേതൃത്വത്തിലും, 250 പേര്‍ എസ്.എം.എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലിയുടെ നേതൃത്വത്തിലും രംഗത്തുണ്ടാകും. ആറ്റൂര്‍ ദാറുല്‍ ഫലാഹിലെ വിദ്യാര്‍ഥികളും ദേശമംഗലം വെസ്റ്റ് പല്ലൂര്‍ മഹല്ലിലെ ഭാരവാഹികളും മലബാര്‍ എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗവും ഡെലിഗേറ്റ്‌സ് മീറ്റിനെത്തുന്ന പ്രതിനിധികളെ സഹായിക്കാന്‍ വാദീഖുബയില്‍ സജീവ സാന്നിധ്യമാകും.
മഹല്ല്: നവലോകത്തെ സംസ്‌കരണ മാതൃകകള്‍, ചര്‍ച്ചാവേദി, വ്യക്തിത്വം: നേതൃത്വം, സാമൂഹിക വിചാരം, കര്‍മപഥം, വിദ്യാഭ്യാസം എന്നീ സെഷനുകളിലായി പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. ഓള്‍ ഇന്ത്യ ഇസ്‌ലാഹ് മിഷന്‍ പ്രസിഡന്റ് മൗലാന മുഫ്തി ശരീഫുര്‍റഹ്മാന്‍ രിസ്‌വി ബിഹാര്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും.
സമസ്ത സെക്രട്ടറി കെ.ആലികുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മഹല്ല് നവലോകത്തെ സംസ്‌കരണ മാതൃകകള്‍ എന്ന വിഷയം ഇന്ന് ഡോ. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ അവതരിപ്പിക്കും. എസ്.കെ ഹംസ ഹാജി, ത്വാഖ അഹ്മദ് മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, കെ.എസ് ഹംസ ദേശമംഗലം, ഹാജി മൊയ്ദ്ദീന്‍ ലബ്ബ മംഗലാപുരം, സി.എം മുഹമ്മദ് ഖാസിം, ഇസ്മാഈല്‍ ഹുദവി എന്നിവര്‍ സംസാരിക്കും.
പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍
ക്യാംപിന് വരുന്ന പ്രതിനിധികള്‍ ജില്ല തിരിച്ചുള്ള കൗണ്ടറുകളില്‍ എത്തി ഫീസായ 100 രൂപ നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. മഹല്ല് പ്രതിനിധികള്‍ക്കുള്ള ഫയല്‍, പ്രതിനിധി ബാഡ്ജ്, മാതൃക മഹല്ല് ജേണല്‍ എന്നിവ കൈപറ്റണം. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ 4.00 മണിക്ക് പൂര്‍ത്തീകരിക്കും.
നഗരിയിലെത്താന്‍
തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ചെറുതുരുത്തി ചുങ്കം വഴി ദേശമംഗലത്ത് എത്താം.
പെരിന്തല്‍മണ്ണ, വളാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവര്‍ പട്ടാമ്പി - ഗുരുവായൂര്‍ റൂട്ടില്‍ പട്ടാമ്പി കൂട്ടുപാത വഴി ദേശമംഗലം.
എടപ്പാള്‍, കുന്നംകുളം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് പെരുമ്പിലാവില്‍നിന്ന് പട്ടാമ്പി കൂട്ടുപാത വഴി ദേശമംഗലം.
ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുക.
പട്ടാമ്പി കൂട്ടുപാത, ചെറുതുരുത്തി ചുങ്കം, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രതിനിധികള്‍ക്കായി ദേശമംഗലം മലബാര്‍ എന്‍ജിനിയറിങ് കോളജിന്റെ ബസുകള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."