സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന തെരുവുനാടകം പൊലിസ് തടഞ്ഞു
മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് അവതരിപ്പിച്ച 'നേര് പൂക്കുന്ന നേരം' തെരുവുനാടകം പൊലിസ് തടഞ്ഞു. കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തുന്ന കലാജാഥയില്‍ അവതരിപ്പിച്ച തെരുവുനാടകമാണ് ഗതാഗത തടസം പറഞ്ഞ് പൊലിസ് ഇടപെട്ട് നിര്‍ത്തിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചിനാണ് കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നാടകം അരംഭിച്ചത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേയും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ വീഴ്ചകള്‍ പറഞ്ഞും അഴിമതികള്‍ തുറന്നുകാണിച്ചും ആരംഭിച്ച നാടകം സര്‍ക്കാര്‍ നിര്‍മിത പ്രളയത്തെയും സംസ്ഥാനത്തെ അക്രമ രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്നതാണ്. ഇതിനിടെയിലാണ് പൊലിസ് സ്ഥലത്തെത്തിയത്.
നാടകം കാണാന്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ഗതാഗതകുരുക്കുണ്ടാക്കുന്നുവെന്നു പറഞ്ഞാണ് പൊലിസ് നാടകം നിര്‍ത്തിച്ചത്. നാടക പ്രവര്‍ത്തകരുടെ സൗണ്ട് സിസ്റ്റം ബലമായി ഓഫ് ചെയ്യുകയും വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതു സംഘാടകരും പൊലിസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. പൊലിസ് നടപടിക്കെതിരേ നാട്ടുകാര്‍ പ്രതികരിക്കുകയും നേരത്തെ കലക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിപാടി ഇവിടെ തന്നെയാണ് അവതരിപ്പിച്ചിരുന്നതെന്ന് പൊലിസിനെ ബോധിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയപാര്‍ട്ടികള്‍ പതിവായി പരിപാടി സംഘടിപ്പിക്കുന്ന സ്ഥലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."