ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി
ന്യൂഡല്‍ഹി: വിസ പുതുക്കിനല്‍കാത്തതടക്കമുള്ള തൊഴില്‍ചൂഷണത്തിനിരയായി ഖത്തറിലെ ലേബര്‍ ക്യാംപില്‍ കഴിയുന്ന 650 ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു പരാതി. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.കെ.എച്ച് എന്ന കമ്പനിയില്‍ എട്ടു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള തൊഴിലാളികളാണ് ആനുകൂല്യങ്ങളും ശമ്പളവും നിഷേധിക്കപ്പെട്ടു ദുരിതത്തില്‍ കഴിയുന്നത്. ക്യാംപില്‍ കഴിയുന്നവരില്‍ നൂറ് മലയാളികളുണ്ടെന്നാണു വിവരം.
2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായ ജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നു തൊഴിലാളികളില്‍ ഏറേയും. നാലു മാസമായി ഇവര്‍ക്കു ശമ്പളം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. ലേബര്‍ ക്യാംപില്‍ കഴിയുന്ന ഇവര്‍ക്കു ഭക്ഷണവും കുടിവെള്ളവും പോലും ആവശ്യത്തിനു ലഭിക്കുന്നില്ല. ക്യാംപില്‍ വൈദ്യുതിബന്ധവും തടസപ്പെടുത്തി. വിസ പുതുക്കിനല്‍കാത്തതും പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ പിടിച്ചുവച്ചതും കാരണം പുറംലോകവുമായുള്ള ബന്ധവും ഇവര്‍ക്കു നഷ്ടമായ അവസ്ഥയിലാണ്. അസുഖബാധിതര്‍ക്കുപോലും ഇതുമൂലം വൈദ്യസഹായം നേടിയെടുക്കാനും സാധിക്കുന്നില്ലെന്നും ഇവര്‍ പരാതിയില്‍ വിശദീകരിച്ചു.
തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാണിച്ച് എല്‍.ജെ.പി നേതാവ് രമാ ജോര്‍ജാണു കേന്ദ്ര സര്‍ക്കാരിനു പരാതി നല്‍കിയത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മറ്റു കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, രാംവിലാസ് പാസ്വാന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."