നീരുറവകള്‍ വറ്റി; കുത്താജെയില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ തടയണ
പെര്‍ള: വേനല്‍ കടുത്തതോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ എന്‍മകജെ പഞ്ചായത്തിലെ വാണി നഗര്‍ കുത്താജെയില്‍ ജല സംരക്ഷണത്തിന് മുന്നിട്ടിറങ്ങി കര്‍ഷകര്‍. കുത്താജെ തോടിനുകുറുകെയുള്ള ഡാം കം ബ്രിഡ്ജില്‍ തടയണ നിര്‍മിച്ചാണ് പ്രദേശത്തെ കര്‍ഷകര്‍ മാതൃകയായത്.
കുത്താജെയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഡാം കം ബ്രിഡ്ജ് നിര്‍മിച്ചിരുന്നു. ചെറുകിട ജലസേചന പദ്ധതി പ്രകാരം ഒന്നര കോടി രൂപ ചെലവില്‍ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ ഉയരത്തിലുമായിരുന്നു നിര്‍മാണം.
എന്നാല്‍ ജലം കെട്ടി നിര്‍ത്തുവാനുള്ള ഫണ്ട് എസ്റ്റിമേറ്റില്‍ ഇല്ലാത്തതിനാല്‍ തടയണ നിര്‍മിച്ചില്ല. ഇതിനേതുടര്‍ന്നാണ് തടയണ നിര്‍മാണത്തില്‍ വിദഗ്ധരായ പ്രദേശവാസികളായ ഹരി കൃഷ്ണ, മഹാലിംഗ നായക്, കൃഷ്ണ നായക്, ബേബി, വിജയ, അക്ഷയ് തുടങ്ങിയവരുടെ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചത്. 22,000 രൂപ ചിലവില്‍ ഏകദേശം പതിനൊന്ന് അടി ഉയരത്തിലാണ് തടയണയ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായതോടെ 1.5 കിലോമീറ്റര്‍ വിസ്തൃതിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം 100 ഏക്കര്‍ സ്ഥലത്തെ കര്‍ഷികവിളകള്‍ക്കും സമീപ പ്രദേശങ്ങളില്‍ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ജലലഭ്യത കുറവാകുമ്പോള്‍ കുഴല്‍ക്കിണറുകളുടെയും മറ്റും പിന്നാലെ ഓടുന്ന യുവ തലമുറ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന തടയണകളേയും ബണ്ടുകളേയും ഉപയോഗപ്പെടുത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫഡ്രെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."