വനിതാമതിലിലൂടെ നടപ്പാക്കിയെന്ന നവോത്ഥാനം തട്ടിപ്പ്: കെ.എം ഷാജി
മട്ടന്നൂര്‍: വനിതാ മതിലിലൂടെ സി.പി.എം നടപ്പാക്കിയെന്ന് പറയുന്ന നവോത്ഥാനം വെറും തട്ടിപ്പാണെന്ന് കെ.എം ഷാജി എം.എല്‍.എ. മട്ടന്നൂരില്‍ യു.ഡി.എഫ് വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യത്തില്‍ നിന്നു തന്നെ അവരുടെ സ്ത്രീകളോടുള്ള സമീപനം വ്യക്തമാണ്. സുശീലാ ഗോപാലനും കെ.ആര്‍ ഗൗരിയമ്മക്കും മുഖ്യമന്ത്രിമാരാകാന്‍ അവസരമുണ്ടായിട്ടും സി.പി.എം പിന്തുണച്ചില്ല. ശബരിമല വിഷയത്തില്‍ നടത്തിയ വനിതാ മതിലില്‍ മുസ്‌ലിം സ്ത്രീകളെയും അണിനിരത്തിയത് സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കുകയെന്ന ദുഷ്ടലാക്കോടെയാണ്. പയ്യന്നൂരിലെ ദലിത് സ്ത്രീയായ ചിത്രലേഖയെ വേട്ടയാടിയവരാണ് സി.പി.എമ്മെന്നും കെ.എം ഷാജി വ്യക്തമാക്കി.
രാജ്യത്തെവിടെയും ബി.ജെ.പിയോട് നേരിട്ട് മത്സരിക്കാത്ത സി.പി.എമ്മാണ് ബി.ജെ.പിയെ എതിര്‍ക്കുന്നത് തങ്ങളാണെന്ന് പറയുന്നത്. ഭരണാധികാരികളെന്ന നിലയില്‍ മോദിയും പിണറായിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വടക്കേ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ബി.ജെ.പി. ആളെ കൊല്ലുമ്പോള്‍ കേരളത്തില്‍ സി.പി.എം. രാഷ്ട്രീയത്തിന്റെ പേരിലും കൊല്ലുകയാണ്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി ധനലക്ഷമി അധ്യക്ഷയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി വിദ്യാ ബാലകൃഷണന്‍, റോഷ്‌നി ഖാലിദ്, രജനി രമാനന്ദ്, എം.കെ നജിമ, പി.വി സ്മിത, രഹന, പ്രൊഫ. ഖദീജ, കെ. ഉഷ, എം.വി ചഞ്ചാലാക്ഷി, സുബൈദ, എം.കെ അനിത, നാജിയ, ഷര്‍മിള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."