ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ് : പരക്കെ അക്രമം, രണ്ടുപേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പരക്കെ അക്രമം.
ആന്ധ്രയില്‍ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ടിഡിപി ലീഡര്‍ ബാസ്‌കര്‍ റെഡ്ഡിയാണ് മരിച്ചവരിലൊരാള്‍.
അതേസമയം സംസ്ഥാനത്ത് റീ പോളിംഗ് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. 300 ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചില ബൂത്തുകളില്‍ വോട്ടിംഗ് വൈകുകയും ചെയ്തിരുന്നു. പലയിടങ്ങളിലും സംഘര്‍ഷം സംഘട്ടനത്തിലേക്ക് എത്തുകയായിരുന്നു. ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 55 ശതമാനത്തിന് മുകളില്‍ പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി.
പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശില്‍ വ്യാപകമായി അക്രമങ്ങള്‍ നടന്നത്. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈ.എസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്.
പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ഗുണ്ടൂരില്‍ വോട്ടിംഗിനിടെ വൈ.എസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോളിംഗ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി.
യു.പിയിലെ മുസാഫറനഗറില്‍ വോട്ടിംഗില്‍ കൃതിമം നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഡോ.സജ്ഞീവ് ബല്യാന്‍ രംഗത്തു വന്നിട്ടുണ്ട്. ബുര്‍ഖ ധരിച്ചെത്തിയ വനിതാ വോട്ടര്‍മാരുടെ മുഖം പരിശോധിക്കാത്തത് കാരണം കള്ളവോട്ട് നടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഗാസിയാബാദില്‍ 12 ശതമാനവും മീററ്റില്‍ 10 ശതമാനവും പോളിംഗ് രാവിലെ ഒന്‍പത് വരെ രേഖപ്പെടുത്തി.
ചത്തീസ്ഗഢിലെ നാരായണ്‍പുറില്‍ പുലര്‍ച്ചെ പോളിംഗ് ബൂത്തിലേക്ക് പോയ പോളിംഗ് ഉദ്യോഗസ്ഥരുടേയും സുരക്ഷാസേനകളുടേയും സംഘം നക്‌സലുകളുമായി ഏറ്റുമുട്ടി. നക്‌സലുകളെ മറികടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലെത്തി. ചത്തീസ്ഗഢിലെ നക്‌സല്‍ ബാധിത പ്രദേശമായ ദണ്ഡേവാഡയില്‍ ഇക്കുറി മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഇവിടെ കഴിഞ്ഞ ദിവസം നടന്ന പ്രചാരണത്തിനിടെ ബിജെപി എംഎല്‍എ ഭീമ മാണ്ഡവിയും അദ്ദേഹത്തിന്റെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശ്, സിക്കിം,അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡീഷയിലെ 147 സീറ്റുകളില്‍ 28 മണ്ഡലങ്ങളില്‍ മാത്രമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടികളും പരസ്പരം ആരോപണവും ഉന്നയിക്കുന്നുണ്ട്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനിടെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."