കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമക്ക് നല്‍കി
വെഞ്ഞാറമൂട്: കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ പൊലിസ് സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ നല്‍കിയ യുവതിക്ക് പൊലിസിന്റെ ആദരം. കീഴായിക്കോണം ആയിരവില്ലി ക്ഷേത്ര അന്തേവാസിയായ പ്രസന്നെയെയാണ് വെഞ്ഞാറമൂട് ജനമൈത്രി പൊലിസ് ഉപഹാരം നല്‍കി ആദരിച്ചത്.
നഗരൂര്‍ ദര്‍ശനാവട്ടം കോയിക്കമൂല എ.എസ് ഭവനില്‍ സുരേന്ദ്രബാബുവിനാണ് നഷ്ടപ്പെട്ട പണം യുവതിയുടെ സത്യ സന്ധത കാരണം തിരികെ ലഭിച്ചത്. മകന്റെ വിസയുടെ ആവശ്യത്തിനായി ബാങ്കില്‍ സ്വര്‍ണ്ണം പണയം വച്ച് കിട്ടിയ തുകയുമായുള്ള യാത്രക്കിടെ നഷ്ടമാവുകയും ക്ഷേത്രത്തിനു സമീപം വച്ച് പ്രസന്നയ്ക്ക് കിട്ടുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ വെഞ്ഞാറമൂട് പൊലിസില്‍ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പണം ഏറ്റുവാങ്ങിയ ശേഷം സ്റ്റേഷനിലെത്തി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയെ വിവരമറിയിക്കുകും അയാളെത്തി മതിയായ തെളിവുകള്‍ ഹാജരാക്കി പണം ഏറ്റു വാങ്ങുകയുമായിരുന്നു.
തുടര്‍ന്ന് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. വിജയന്‍ യുവതിയെ അഭിനന്ദിക്കുകയും എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, സുനില്‍ കുമാര്‍, സിവിള്‍ പൊലിസ് ഓഫിസര്‍മാരായ അഷറഫ്, താജു, പ്രകാശ്, നസീം, ബിന്ദു എന്നിവരുടെ സാന്നിധ്യത്തില്‍ ജനമൈത്രി പൊലിസ് കോഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട് ഉപഹാരം നല്‍കി ആദരിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."