കൊട്ടാരക്കരയില്‍ എച്ച് 1 എന്‍1 പടരുന്നു; ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എച്ച് 1 എന്‍ 1 പനി പടരുന്നു. ഇതുവരെ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേര് നിരീക്ഷണത്തിലുമാണ്. മൈലം, ഇഞ്ചക്കാട്, തൃക്കണ്ണമംഗല്‍, വെളിയം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ അറിയിച്ചു. രണ്ടു ദിവസം മുന്‍പ് പനിബാധിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഒരു യുവാവ് അന്നേ ദിവസം തന്നെ മരിച്ചിരുന്നു. ഇത് എച്ച് 1എന്‍1 ബാധിച്ചാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
എച്ച് 1 എന്‍ 1 പ്രതിരോധ മരുന്ന് താലൂക്ക് ആശുപത്രികളിലും സര്‍ക്കാരിന്റെ മരുന്ന് വില്പന കേന്ദ്രങ്ങളിലും ലഭ്യമാണ്. സ്വകാര്യ മേഖലയില്‍ പ്രതിരോധ മരുന്ന് എത്തിച്ചേര്‍ന്നിട്ടില്ല. തൊണ്ടയിലെയും മൂക്കിലെയും സ്രവം എടുത്താണ് രോഗപരിശോധന നടത്തുന്നത്. ഇതിനുള്ള സൗകര്യം താലൂക്ക് ആശുപത്രിയിലില്ലാത്തതിനാല്‍ കൊല്ലത്തെ പബ്ലിക് ഹെല്‍ത്ത് ലാബിലെത്തിച്ചാണ് പരിശോധന നടത്തേണ്ടത്. പരിശോധനാഫലം ലഭിക്കാന്‍ രണ്ടു ദിവസം വേണ്ടിവരും. ഇതുമൂലം ചികിത്സയും വൈകും. പനി കടുക്കുമ്പോള്‍ മാത്രമാണ് രോഗികള്‍ ചികിത്സ തേടിയെത്തുന്നത്. ഇത് പ്രതിരോധം ദുഷ്കരമാക്കുന്നതായി സൂപ്രണ്ട് പറഞ്ഞു.
വൈറല്‍ പനി കടുത്താണ് പലപ്പോഴും എച്ച് 1 എന്‍ 1 പനിയായി മാറുന്നത്. പനി വന്നാല്‍ പൂര്‍ണ വിശ്രമം എടുക്കുകയും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും വേണം. രോഗാണുക്കള്‍ വായുവിലൂടെ പകരുന്നതിനാല്‍ രോഗം വന്നവര്‍ മറ്റുള്ളവരിലേക്ക് പകരാതെ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. രോഗ പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ എല്ലായിടത്തും സ്വീകരിച്ചുവരുന്നതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."