നജീബിനെ കുറിച്ച് വിവരമില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് തിരോധാന കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ. നജീബിനെ കാണാതായ കേസില്‍ യാതൊരു തുമ്പും കിട്ടിയില്ലെന്ന് കേസന്വേഷണ ചുമതലയുള്ള സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നു തെളിവൊന്നും ലഭിച്ചില്ല.
ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലം പ്രതികൂലമാണ്. നജീബ് എവിടെയാണുള്ളതെന്ന് അറിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനെ സി.ബി.ഐ അറിയിച്ചു. പിന്നാലെ കേസ് അവസാനിപ്പിക്കുകയാണെന്ന സൂചനയും കോടതിക്ക് സി.ബി.ഐ നല്‍കി.
അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കും മുന്‍പ് ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. നജീബിന്റെ ഉമ്മ ഫാതിമാ നഫീസയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നജീബിനെ കാണാതായതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. സംഭവത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒന്‍പത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള തെളിവുകളോ, സൂചനകളോ കിട്ടിയിട്ടില്ല.
രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പതിച്ചു. നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സി.ബി.ഐ അറിയിച്ചു.
എന്നാല്‍, ഹോസ്റ്റല്‍ വാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥനും അടക്കം തങ്ങള്‍ നല്‍കിയ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള 18 പേരെ ചോദ്യംചെയ്യാന്‍ സി.ബി.ഐ തയാറായില്ലെന്ന് ഫാതിമാ നഫീസ ആരോപിച്ചു. കാണാതാകും മുന്‍പ് നജീബിനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അവരെ കസ്റ്റഡിയിലെടുക്കുകയോ, ചോദ്യംചെയ്യുകയോ ഉണ്ടായില്ലെന്നും ഫാതിമാ നഫീസയുടെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസിലെ എല്ലാ രേഖകളും സമര്‍പ്പിക്കാനും കോടതി സി.ബി.ഐക്കു നിര്‍ദേശം നല്‍കി. സപ്തംബര്‍ നാലിനു കേസ് വീണ്ടും പരിഗണിക്കും.
2016 ഒക്‌ടോബര്‍ 15നാണ് ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്.
കാണാതാവുന്നതിനു തലേദിവസം കാംപസിലെ മെസ്സില്‍ വച്ച് നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായ ഈ കേസ് കഴിഞ്ഞ വര്‍ഷം മേയിലാണ് സി.ബി.ഐ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."