മീനച്ചിലാറിന്റെ തീരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തിന് നാട്ടുകാരുടെ വക 'എട്ടിന്റെ പണി'
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിനടുത്ത് പേരൂരില്‍ മീനച്ചിലാറിന്റെ തീരത്തും പാറമ്പുഴ കുത്തിയതോട്ടിലും കക്കൂസ് മാലിന്യം തള്ളിയ സംഘത്തിന്റെ ലോറി നാട്ടുകാര്‍ പിടികൂടി. മാലിന്യം നിറച്ച മിനി ടാങ്കര്‍ ലോറിയോടൊപ്പം പിടികൂടിയ അടിമാലി ചെട്ടിയാംകുടി സി.എ അലക്‌സിനെ(29)കൊണ്ട് കുത്തിയതോട്ടില്‍ നിക്ഷേപിച്ച മനുഷ്യവിസര്‍ജ്യം കോരി തലയില്‍ ചുമപ്പിക്കുകയും ചെയ്തു നാട്ടുകാര്‍.
ഇന്നലെ വെളുപ്പിനെ രണ്ടര മണിയോടെയായിരുന്നു സംഭവം. കറുത്തേടത്ത് കടവിന് സമീപം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് സൈഡ് കൊടുക്കവെ മുന്നില്‍ പോയ ടിപ്പര്‍ ലോറിയുടെ പിന്നില്‍ മാലിന്യം കയറ്റി വന്ന മിനി ലോറി ഇടിച്ചതോടെയാണ് അലക്‌സും ലോറിയും കുടുങ്ങിയത്. വണ്ടി ഇടിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ ഇത് മാലിന്യം തള്ളാന്‍ എത്തിയ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.
മൂന്ന് വാഹനങ്ങളിലായാണ് ഈ പ്രദേശത്ത് ഇവര്‍ മാലിന്യം തള്ളിയത്. ആദ്യത്തെ ലോറികളില്‍ കൊണ്ടുവന്ന മാലിന്യം മീനച്ചിലാറിന്റെ തീരത്ത് കിണറ്റിന്‍മൂട് തൂക്കുപാലത്തിന് സമീപവും പാറമ്പുഴ കുഴിചാലിപ്പടിക്ക് സമീപം കുത്തിയതോട്ടിലും തള്ളിയിരുന്നു. ഈ ലോറികള്‍ പോയ ശേഷം പിന്നാലെയെത്തിയ വാഹനമാണ് നാട്ടുകാരുടെ പിടിയിലായത്. സംക്രാന്തി അശോകാ ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് ലോറിയില്‍ കൊണ്ടുവന്നതെന്ന് ലോറിയുടെ ഡ്രൈവര്‍ കൂടിയായ അലക്‌സ് പറഞ്ഞു. അലക്‌സിന്റെ സഹായികളായി കൂടെ ഉണ്ടായിരുന്ന മുണ്ടക്കയം സ്വദേശി അനില്‍, ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ബാബു എന്നിവര്‍ ഓടി രക്ഷപെട്ടു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി മാനസന്റെ വക കെഎല്‍32ഡി715 നമ്പരിലുള്ള ലോറിയാണ് നാട്ടുകാര്‍ പിടികൂടിയത്. മാനസനാണ് സംഘത്തിന്റെ നേതാവ്.
ഇതിനിടെ സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലിസ് അലക്‌സിനെ കസ്റ്റഡിയിലെടുക്കാനും വാഹനം സ്ഥലത്തു നിന്ന് നീക്കാനും ശ്രമിച്ചു. രോഷാകുലരായ നാട്ടുകാര്‍ പക്ഷെ സമ്മതിച്ചില്ല. തുടര്‍ന്ന് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്റ് മോന്‍സി പെരുമാലിലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചതോടെ ബുധനാഴ്ച ഉച്ചവരെ നാടകീയസംഭവവികാസങ്ങളാണ് ഇവിടെ നടന്നത്. രണ്ട് സ്ഥലങ്ങളിലായി തള്ളിയ മാലിന്യം തിരിച്ചെടുത്ത് പ്രദേശം ശുദ്ധിയാക്കാതെ ഇയാളെയും വാഹനത്തെയും വിട്ടുതരില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചു നിന്നു. വാഹനം കൊണ്ടുപോകാതിരിക്കാന്‍ കാറ്റഴിച്ചു വിടുകയും ചെയ്തു. നിക്ഷേപിച്ചവര്‍ നേരിട്ടിറങ്ങി പാത്രങ്ങളില്‍ കോരി വണ്ടിയില്‍ നിറച്ച ശേഷം വെള്ളമൊഴിച്ച് ക്ലീന്‍ ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."