ഒരാഴ്ചക്കിടെ നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് 1.43 കോടിയുടെ സ്വര്‍ണം
നെടുമ്പാശ്ശേരി: കഴിഞ്ഞ ഒരാഴ്ചക്കിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത് അനധികൃതമായി കടത്താല്‍ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വര്‍ണം. വിവിധ കേസുകളിലായി 4.6 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
62.66 ലക്ഷം രൂപയുടെ 1999 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയായ യുവതി ഇന്നലെ പിടിയിലായി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നാണ് യുവതി എത്തിയത്.സ്വര്‍ണ മാലകള്‍, പാദസരങ്ങള്‍, സ്വര്‍ണ തകിടുകള്‍ എന്നിവ വസ്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
അബൂദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും 27.05 ലക്ഷം രൂപ വില വരുന്ന 859 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.ഇയാള്‍ സ്വര്‍ണം ഡിസ്ക് രൂപത്തിലാക്കി ഡ്രൈ ഫ്രയറിന്റെ അടിയില്‍ ഒളിപ്പിച്ചതായിരുന്നു. സംശയം തോന്നി ഡ്രൈ ഫ്രയര്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ദുബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന് സ്റ്റീല്‍ ഫ്ളാസ്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 545.8 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇതിന് 17.19 ലക്ഷം വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.ഇതു കൂടാതെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 10.43ലക്ഷം രൂപയുടെ വിദേശ കറന്‍സിയും മൂന്ന് കേസുകളായി 2.7 കിലോഗ്രാം വരുന്ന പേസ്റ്റു രൂപത്തിലുള്ള സ്വര്‍ണം അടങ്ങിയ മിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."