മെഡിക്കല്‍ കോളജുകളില്‍ പ്ലാസ്മ ബാങ്കുകള്‍
തിരുവനന്തപുരം: കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സി.സി.പി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കൊവിഡ് രോഗികളെ ചികിത്സിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ നല്‍കിയവരില്‍ 90 ശതമാനത്തിനു മുകളില്‍ രോഗികളെയും രക്ഷിക്കാനായി. കൊവിഡിനെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. ഈയൊരു മാര്‍ഗം പിന്തുടര്‍ന്നാണ് പ്ലാസ്മ ചികിത്സ കേരളത്തിലും പരീക്ഷിച്ചത്. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കൊവിഡ് മുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രണ്ടു പ്രാവശ്യം കൊവിഡ് നെഗറ്റിവ് ഫലം വന്നതിനു ശേഷം 14 ദിവസം മുതല്‍ നാലു മാസം വരെ പ്ലാസ്മ നല്‍കാവുന്നതാണ്.
ഐ.സി.എം.ആര്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയനുസരിച്ച് മെഡിക്കല്‍ ബോര്‍ഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ശ്വാസതടസ്സം, രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവ്, നൂമോണിയ തുടങ്ങി കാറ്റഗറി സി. വിഭാഗത്തിലുള്ള രോഗികള്‍ക്കും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുമാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ രക്തപരിശോധനയ്ക്കു ശേഷമാണ് പ്ലാസ്മ നല്‍കുന്നത്. ഇത്തരത്തില്‍ രോഗിയുടെ ശരീരത്തില്‍ എത്തുന്ന പ്ലാസ്മ കൊവിഡിനെ തുരത്താന്‍ സഹായിക്കും.
ആവശ്യമായ പ്ലാസ്മ ശേഖരിച്ചുവച്ച് അത്യാവശ്യ രോഗികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്മ ബാങ്കുകള്‍ സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജിന് കീഴിലുള്ള ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ ബ്ലഡ് ബാങ്കിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. കൊവിഡ് മുക്തരായ ധാരാളം പേര്‍ സ്വമേധയാ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി വന്നിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായി ഇനിയും കൂടുതല്‍ പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."