ഗള്‍ഫിലെ വിഷു ആഘോഷം; കേരളത്തില്‍ നിന്ന് 1500 ടണ്ണിലേറെ പച്ചക്കറി
നെടുമ്പാശേരി: ഗള്‍ഫ് മലയാളികള്‍ക്ക് വിഷു ആഘോഷിക്കാന്‍ കേരളത്തില്‍നിന്ന് വന്‍തോതില്‍ പച്ചക്കറി കയറ്റിയയക്കുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി അഞ്ചു ദിവസത്തിനകം 1500 ടണ്ണിലേറെ പച്ചക്കറികളാണ് ഈ വര്‍ഷം ഗള്‍ഫ് നാടുകളില്‍ എത്തുന്നത്. വിഷു ലക്ഷ്യമാക്കിയുള്ള പച്ചക്കറി കയറ്റുമതി ബുധനാഴ്ച ആരംഭിച്ചു.
നാളെ വരെയാണ് വിഷു ആവശ്യത്തിലേക്കായി പ്രത്യേകമായി പച്ചക്കറികള്‍ കയറ്റിയയക്കുന്നത്. ഇതില്‍ അധികവും വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ്. തൂശനില മുതല്‍ കാന്താരി മുളക് വരെയുള്ളവ കയറ്റിയയക്കുന്നതില്‍ ഉള്‍പ്പെടുന്നു. നെടുമ്പാശേരി വിമാനത്താവളം വഴി 800 ടണ്‍ പച്ചക്കറിയും തിരുവനന്തപുരത്ത് നിന്ന് 500 ടണ്ണും കരിപ്പൂരില്‍നിന്ന് 300 ടണ്ണുമാണ് ഇത്തവണ കയറ്റിയയക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നിപാ ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് സഊദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് അവിടേയ്ക്ക് കയറ്റിയയക്കാനുള്ള പച്ചക്കറികള്‍ എത്തിക്കുന്നത്. നെടുമ്പാശേരിയില്‍ നിന്ന് എമിറേറ്റ്‌സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നീ വിമാനങ്ങളിലാണ് പച്ചക്കറി അയക്കുന്നത്. വെണ്ടയ്ക്ക, പാവയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങ തുടങ്ങിയ പച്ചക്കറികളാണ് കയറ്റിയയക്കുന്നതില്‍ ഏറെയും. എങ്കിലും കണി വെള്ളരിക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. ഇതിന് പുറമെ നേന്ത്രക്കായയും ഞാലിപ്പൂവനും എത്തിക്കുന്നുണ്ട്. ഇത്തവണ ചക്കയും കൂടുതലായി കയറ്റിയയക്കാന്‍ എത്തിക്കുന്നുണ്ട്. ഗള്‍ഫ് നാടുകളില്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഇത്. വിഷുവിനായി 150 ടണ്‍ മുതല്‍ 170 ടണ്‍ വരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ദിനംപ്രതി പച്ചക്കറികള്‍ കയറ്റിയയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."