ഊര്ക്കടവില് കുന്നിടിഞ്ഞ് വീണ് ബൈത്തുറഹ്മ തകര്‍ന്നു
മാവൂര്‍: 40 അടിയോളം ഉയരമുള്ള കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്ന് സുമനസുകളുടെ കാരുണ്യത്താല്‍ പണിത കാരുണ്യഭവനം തകര്‍ന്നു. ഭാര്യയും വിവാഹപ്രായമെത്തിയ രണ്ട് പെണ്മക്കളുമടങ്ങുന്ന ഊര്ക്കടവില് അരീക്കുഴിയില്‍ മുഹാജിറിന്റെ സ്വപ്നത്തിന്മേലാണ് കരിനിഴല്‍ വീണത്.
മത്സ്യത്തൊഴിലാളിയായ മുഹാജിറിന് ജിദ്ദ കെ.എം.സി.സി നിര്‍മിച്ചുനല്‍കുന്ന വീടിന് മുകളിലാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ശക്തമായ മഴയില്‍ 40 അടിയോളം ഉയരമുള്ള അരിക്കുഴിമേത്തല് കുന്ന് ഇടിഞ്ഞുവീണത്. കിടപ്പുമുറി, സിറ്റൗട്ട്, ഡൈനിങ് ഹാള്‍, വാതിലുകള്‍, ജനലുകള്‍, സണ്‍ഷേഡ്, കോണ്ഗ്രീറ്റുതൂണുകള് എന്നിവ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പണി പൂര്തീകരിച്ച ബൈത്തുറഹ്മയുടെ ഉദ്ഘാടനം കാത്തുകഴിയുന്നതിനിടെയാണ് ദുരിതം കുന്നിടിച്ചിലിന്റെ രൂപത്തില്‍ മുഹാജിറിനെ വേട്ടയാടിയത്. ഭീമന് ഉരുളന്‍കല്ലുകളും വന്‍തോതില്‍ മണ്ണും മുറ്റത്തും വീടിനകത്തും പതിച്ചിരിക്കുകയാണ്. ആറ് അടിയോളം ഉയരത്തില്‍ വീടിന്റെ ചുറ്റും കല്ലും മണ്ണും വന്നടിഞ്ഞിരിക്കുകയാണ്.
പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാവൂര്‍ വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി ജാഗ്രതാ നിദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."