അക്ഷര സാഗരം പദ്ധതി: അമ്മമാര്‍ പഠനം നടത്തിയത് വെയിലത്തിരുന്ന്; പാഠം ഒന്ന് എവിടെ ഇരുന്ന് പഠിക്കും?
കുന്നംകുളം: നഗരസഭ 13 വാര്‍ഡിലെ അക്ഷരം പഠിക്കാനെത്തിയ അമ്മമാരെ പെരുവഴിയിലിറക്കിവിട്ടതായി പരാതി. നഗരസഭാ സെക്രട്ടറിയുടെ ധാര്‍ഷ്ട്യമാണ് 70വയസ് വരെയുള്ളവര്‍ക്ക് വരെ അക്ഷരം പഠിക്കാനായി റോഡിലിരിക്കേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിലുള്ള അക്ഷര സാഗരം പദ്ധതി അടുപ്പൂട്ടി ഉദയഗിരി എസ്.സി കോളനിയില്‍ തുടക്കമിട്ടത്. അക്ഷരമറിയാത്തവര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നതിനുള്ള പദ്ധതി ഉദയഗിരി അങ്കണവാടിയില്‍ വൈകീട്ട് 5.30 മുതല്‍ 6.30 വരേയായിരുന്നു നടന്നിരുന്നത്. അങ്കണവാടിയില്‍ സാക്ഷരതാ പരിപാടിക്കായി നഗരസഭാ സെക്രട്ടറി, ഐ.സി.ഡി.എസ് ചെയര്‍മാന്‍, അങ്കണവാടി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇന്നലെ സെക്രട്ടറി അങ്കണവാടി ടീച്ചറെ ഫോണില്‍ വിളിച്ച് സാക്ഷരതാ പരിപാടിക്ക് അങ്കണവാടി തുറന്ന്‌കൊടുക്കരുതെന്ന് ഉത്തരവ് നല്‍കുകയായിരുന്നുവെന്ന് അങ്കണവാടി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ പറഞ്ഞു.
കാരണം അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണെന്നായിരുന്നുവത്രെ മറുപടി. എന്നാല്‍ ഭക്ഷണ വസ്തുക്കള്‍ സ്റ്റോര്‍റൂമില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കുടുംബശ്രീ ഉള്‍െപടെയുള്ള പരിപാടികള്‍ നടക്കുന്ന ഹാളിലാണ് ക്ലാസ് നടക്കുന്നതെന്ന് പറഞ്ഞെങ്കിലും സെക്രട്ടറി ഇത് അംഗീകരിച്ചില്ലെന്നും അങ്കണവാടി പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നുവെന്നും പറയുന്നു. വൈകിട്ട് പഠിക്കാനെത്തിയ അമ്മമാര്‍ സ്ലൈറ്റും പെന്‍സിലമൊക്കെയായി ഏറെ നേരം കാത്തിരുന്നുവെങ്കിലും അങ്കണവാടി തുറന്ന് നല്‍കാന്‍ തയാറായില്ല. ഇതോടെ അമ്മമാര്‍ അങ്കണവാടിക്ക് മുന്നിലെ റോഡിലിരുന്നായി പഠനം. അങ്കണവാടി പൂട്ടി സാക്ഷരതാ പരിപാടി തകര്‍ക്കാനുള്ള ശ്രമമാണ് സെക്രട്ടറി നടത്തുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു. സെക്രട്ടറിയുടെ ദാര്‍ഷ്ട്യത്തിനെതിരേ ചെയര്‍പേഴ്‌സന് പരാതി നല്‍കുമെന്നും ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."