അവഗണനയില്‍ തിക്കോടി എഫ്.സി.ഐ
പയ്യോളി: തിക്കോടി എഫ്.സി.ഐയില്‍നിന്ന് മീനങ്ങാടിയിലേക്ക് ധാന്യങ്ങള്‍ കൊണ്ടുപോകാതെ മറ്റ് ഗോഡൗണുകളെ ആശ്രയിക്കുന്നതായി ആക്ഷേപം.
കരാറുകാരനും ഡിപ്പോ അധികൃതരുമാണ് മീനങ്ങാടിയിലേക്കുള്ള ചരക്കുനീക്കത്തിന് വിലങ്ങുവയ്ക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ഇതേതുടര്‍ന്ന് 10 മാസമായി മീനങ്ങാടിയിലേക്ക് അരി കൊണ്ടുപോകുന്നത് നിലച്ചിരിക്കുകയാണ്. തിക്കോടിയില്‍നിന്ന് മീനങ്ങാടിയിലേക്ക് കൊണ്ടുപോയ ഒരുലോഡ് അരി അപ്രത്യക്ഷമായ സംഭവത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായി മുന്‍ കരാറുകാരന്റെ പേരിലും ഡിപ്പോ മാനേജറടക്കം നാല് ജീവനക്കാരുടെ പേരിലും നടപടി സ്വീകരിച്ചിരുന്നു. തിക്കോടിയില്‍ പുതിയ കരാറുകാരന് നിലവില്‍ വന്നതിന് ശേഷം 12 ലോഡ് അരി മാത്രമാണ് ഇവിടെനിന്ന് മീനങ്ങാടിക്ക് പോയത്. തിക്കോടി ഗോഡൗണില്‍ ധാന്യങ്ങളുടെ കൂടുതല്‍ സ്റ്റോക്കുണ്ടെന്നിരിക്കെ മറ്റ് ഗോഡൗണുകളില്‍നിന്ന് മീനങ്ങാടിയിലേക്ക് ധാന്യങ്ങള്‍ കൊണ്ടുപോകുന്നതിന് പിന്നില്‍ മാനേജ്മെന്റിന്റെയും കരാറുകാരുടെയും ഒത്തുകളിയുണ്ടെന്നാണ് തൊഴിലാളികളും ലോറി ഡ്രൈവര്‍മാരും പറയുന്നത്.
അതേസമയം മുഴപ്പിലങ്ങാട് ഗോഡൗണില്‍നിന്ന് മീനങ്ങാടിക്ക് ധാന്യങ്ങള്‍ കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. ഇത് എഫ്.സി.ഐക്ക് കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മീനങ്ങാടിയിലേക്ക് തീക്കോടിയില്നിന്ന് ലോഡ് കൊണ്ടുപോകുന്നതാണ് എഫ്.സി.ഐക്ക് ലാഭകരം. മുഴപ്പിലങ്ങാടുനിന്ന് മീനങ്ങാടിയിലേക്ക് തിക്കോടിയില്‍നിന്ന് പോകുന്നതിനേക്കാള്‍ 30 കിലോമീറ്റര്‍ അധികവുമാണ്. കൂടാതെ മുഴപ്പിലങ്ങാട് ഗോഡൗണില്‍ റെയില്‍വേ ട്രാക്കില്ലാത്തതിനാല്‍ വാഗണില്‍ എത്തുന്ന അരി ലോറിയില്‍ എത്തിച്ചതിന് ശേഷമാണ് പുറത്തേക്ക് കൊണ്ടുപോകേണ്ടി വരുന്നത്. തിക്കോടിയില്‍ കൂടുതല്‍ ധാന്യങ്ങള്‍ സ്റ്റോക്കുണ്ടാകുകയും ആവശ്യത്തിന് തൊഴിലാളികളും ഉണ്ടെന്നിരിക്കെ ഇവിടെനിന്ന് മീനങ്ങാടിയിലേക്ക് ലോഡ് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരേ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."