നാട്ടുകാരുടെ ദാഹമകറ്റി നൊച്ചാട് ഹരിതവേദി
പേരാമ്പ്ര: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നൊച്ചാട്ടും സമീപ പ്രദേശത്തും ഹരിത വേദി ജി.സി.സി റിലീഫ് കമ്മിറ്റി ആരംഭിച്ച കുടിവെള്ള വിതരണം ഒരുമാസം പിന്നിടുന്നു.
ആദ്യത്തില്‍ എഴുപതു വീടുകളിലായിരുന്നത് ഇപ്പോള്‍ 150 വീടുകളിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. 9,000 ലിറ്റര്‍ കുടിവെള്ളമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. സമീപ പ്രദേശത്തുകാരുടെ ആവശ്യപ്രകാരം നടുവണ്ണൂര്‍ പഞ്ചായത്തിലെ പറമ്പത്ത് മുക്ക്, അരിക്കുളം പഞ്ചായത്തിലെ കാരയാട്, നൊച്ചാട് പഞ്ചായത്തിലെ രാമല്ലൂര്‍, മലയില്പാറ എന്നിവിടങ്ങളിലേക്കും വിതരണം വ്യാപിച്ചിട്ടുണ്ട്. അതിനിടെ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടായിട്ടും പഞ്ചായത്തും അധികാരികളും ഇടപെടാത്തത് പ്രദേശത്തു ശക്തമായ പ്രധിഷേധം ഉയര്‍ത്തുന്നുണ്ട്. സമീപ പഞ്ചായത്തുകള്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ട് ആഴ്ചകളായിട്ടും നൊച്ചാട് പഞ്ചായത്തില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങാത്തതില്‍ കഴിഞ്ഞദിവസം നടന്ന അയല്‍ക്കൂട്ടം, ഗ്രാമസഭ യോഗങ്ങളില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷവും ഒന്നര മാസത്തോളം ഹരിതവേദി കുടിവെള്ള വിതരണം നടത്തിയിരുന്നു.പ്രധാനമായും ബഹ്റൈന്‍, ഖത്തര്‍, ദുബൈ എന്നീ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഹരിതവേദി ചാപ്റ്ററുകളുടെയും നാട്ടിലുള്ള പ്രവര്‍ത്തകരുടെയും മാസവരിസംഖ്യ ഉപയോഗിച്ചാണ് ഇതിനാവശ്യമായ ഒന്നര ലക്ഷത്തോളം രൂപ ശേഖരിച്ചത്. മഴ എത്താത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ടെങ്കിലും മഴ എത്തുന്നത് വരെ കുടിവെള്ള വിതരണം തുടരാനാണ് ഹരിതവേദി പ്രവര്‍ത്തകരുടെ തീരുമാനം.
രാമല്ലൂര്‍ സ്വദേശി ഞാനോംകടവത്ത് കുഞ്ഞമ്മദിന്റെ കിണറില്‍ നിന്നാണ് ആവശ്യമായ കുടിവെള്ളം ശേഖരിക്കുന്നത്. നിലപ്പാറ അസീസ് മാസ്റ്റര്‍ ചെയര്‍മാനും പി.സി മുഹമ്മദ് സിറാജ് കണ്‍വീനറുമാണ്. മുജീബ് കിഴക്കയില്‍, റിയാസ് മാവിലാട്ട്, കെ.ടി.സി കുഞ്ഞമ്മദ് എന്നിവര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."