രാജാ മാന്‍സിങ് കൊലക്കേസ്: 11 പൊലിസുകാര്‍ക്ക് ജീവപര്യന്തം
മഥുര: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച രാജാ മാന്‍സിങ് കൊലക്കേസില്‍ പ്രതികളായ 11 പൊലിസുകാര്‍ക്കും ജീവപര്യന്തം തടവ്. മഥുരയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് മൂന്നര പതിറ്റാണ്ടിന് ശേഷം പ്രതികളെ ശിക്ഷിച്ചത്. പ്രതികള്‍ 10,000 രൂപ വീതം പിഴയും അടയ്ക്കണം.
മുന്‍ ഡി.എസ്.പി കാന്‍സിങ് ഭാട്ടി, പൊലിസുകാരായ വീരേന്ദ്രസിങ്, സുഖ്‌റാം, ജഗ്‌റാം, ജഗ്‌മോഹന്‍, ഷേര്‍സിങ്, പദ്മറാം, ഹരിസിങ്, ഛിദാര്‍സിങ്, ഭവാര്‍ സിങ്, രവി ശേഖര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 1985ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് രാജാമാന്‍സിങ്ങും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തില്‍ രാജാ മാന്‍സിങ്ങിനെതിരേ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങിനെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്.
മണ്ഡലത്തില്‍ തങ്ങളുടെ കൊടികളും തോരണങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതറിഞ്ഞ രാജാ മാന്‍സിങ് കുപിതനാവുകയി പകരം ചോദിക്കാന്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗസ്ഥലത്തെത്തി. അരിശം മൂത്ത രാജാ മാന്‍സിങ് നേരേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ നശിപ്പിച്ചതില്‍ രാജയ്ക്കും സംഘത്തിനുമെതിരേ പൊലിസ് കേസെടുത്തു. പിറ്റേദിവസം രാജാ മാന്‍സിങ് രണ്ട് കൂട്ടാളികളോടൊപ്പം സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോയി. ഇതിനിടെയാണ് കാന്‍സിങ് ഭാട്ടിയുടെ നേതൃത്വത്തിലുള്ള പൊലിസ് ഇവര്‍ക്കെതിരേ വെടിയുതിര്‍ത്തത്. വെടിവപ്പില്‍ രാജാ മാന്‍സിങ്ങും കൂട്ടാളികളായ രണ്ട് പേരും കൊല്ലപ്പെടുകയായിരുന്നു.
18 പൊലിസുകാരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാല് പേര്‍ വിചാരണ കാലയളവില്‍ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."