ഉണ്ണികുളം മൊകായി കുടിവെള്ള പദ്ധതി: പൊട്ടിയ പൈപ്പുകള്‍ മാറ്റിയില്ല
പൂനൂര്‍: വാട്ടര്‍അതോറിറ്റിയുടെ കീഴിലുള്ള മൊകായി കുടിവെള്ള പദ്ധതിയുടെ വിതരണത്തിന് സ്ഥാപിച്ച പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഇതുവരെയും നടപടിയായില്ല. ഉണ്ണികുളം പഞ്ചായത്തിലെയും പരിസരങ്ങളിലെയും അയ്യായിരത്തോളം പേര്‍ ആശ്രയിക്കുന്ന പ്രധാന കുടിവെള്ള പദ്ധതിയാണിത്.
കാലപ്പഴക്കത്താല്‍ ദ്രവിച്ച പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവ് കാഴ്ചയാണിവിടെ. ഇടക്കിടെയുള്ള പൈപ്പ് പൊട്ടല്‍ കാരണം ആഴ്ചകളോളമാണ് ജലവിതരണം മുടങ്ങുന്നത്. വള്ളിയോത്ത്, എസ്റ്റേറ്റ് മുക്ക്,രാജഗിരി, കരിന്തോറ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി പൈപ്പ് പൊട്ടി വിതരണം മുടങ്ങുന്നത്.
പൂനൂര്‍ പുഴയുടെ ഭാഗമായ മൊകായ്ക്കല്‍ പ്രദേശത്ത് തടയണ നിര്‍മ്മിച്ച് വെള്ളം തൊട്ടടുത്ത കിണറില്‍ സംഭരിച്ചാണ് കരിന്തോറ കോളനിയിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്.
ഇവിടെ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനുകള്‍ റോഡിലൂടെയാണ് കടന്നു പോകുന്നത്.റോഡ് കീറി പൈപ്പിടുന്നതിന് പി.ഡബ്ല്യു.ഡിയുടെ പെര്‍മിഷന്‍ ലഭിക്കാത്തതും കരാറുകാരന് ഫണ്ട് ലഭിക്കിത്തതുമാണ് കാലതാമസത്തിന് കാരണമായി അധികൃതര്‍ പറയുന്നത്. പി.ഡബ്ല്യു.ഡിക്ക് പണമടച്ചാല്‍ മാത്രമേ പെര്‍മിഷന്‍ ലഭിക്കുകയുള്ളൂ. ഫണ്ട് അതിനും തടസമായി നില്‍ക്കുന്നു.
നാല് കോടി മൂന്ന് ലക്ഷം രൂപ പദ്ധതിക്ക് പാസായിട്ടുണ്ട്. കരാറുകാരന് ഒരു വര്‍ഷമായി പണം ലഭിക്കാത്തതിനാല്‍ പൈപ്പുകള്‍ റോഡില്‍ ഇറക്കിയതല്ലാതെ ഒരു പണിയും നടന്നിട്ടില്ല.
ഫണ്ട് ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നതായും ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നു. ഇടക്കിടക്കുണ്ടാകുന്ന കുടിവെള്ള വിതരണത്തിന്റെ തടസം മൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."