മടങ്ങിയെത്തുന്ന അതിഥിത്തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍
തിരുവനന്തപുരം: നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികള്‍ മടങ്ങി എത്തിയാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന് തൊഴിലുടമകള്‍ സൗകര്യം ചെയ്തു കൊടുക്കണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കും. അതിഥിത്തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും, തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കണം
അറ്റാച്ച്ഡ് ബാത്ത്‌റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയില്‍ ഒരാളെ മാത്രമേ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കാവൂ.തിരികെയെത്തുന്ന അതിഥിത്തൊഴിലാളികള്‍ കേരളത്തിലെത്തിയാലുടന്‍ ദിശ നമ്പരായ 1056, 0471 2552056ല്‍ വിളിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ ഇവര്‍ക്കുള്ള ഭക്ഷണവും നിരീക്ഷത്തില്‍ കഴിയാനുള്ള താമസ സൗകര്യവും ഏര്‍പ്പെടുത്തേണ്ടതും ഈ വിവരം അതത് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ ജില്ലാ മെഡിക്കല്‍ ഓഫിസിലോ അറിയിക്കേണ്ടതുമാണ്.
അതിഥിത്തൊഴിലാളികള്‍ കേരളത്തിലെത്തുന്ന ദിവസം കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതില്‍ പോസിറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ 14 ദിവസം കര്‍ശനമായും ഒരു മുറിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തിയായതും ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായതുമായ അതിഥിത്തൊഴിലാളിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം ചികിത്സ ലഭ്യമാക്കേണ്ടതുമാണ്. പരിശോധനകള്‍ക്കുള്ള ചെലവ് തൊഴിലുടമകളോ ഏജന്റോ നേരിട്ടെത്തിയതാണെങ്കില്‍ അതിഥിത്തൊഴിലാളികളോ വഹിക്കണം.
നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്ക് പോകാമെങ്കിലും എന്തെങ്കിലും രോഗ ലക്ഷണം പ്രകടമായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈനുമായോ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശ പ്രകാരം മാത്രം ചികിത്സ ലഭ്യമാക്കാവുന്നതുമാണ്.
അതിഥിത്തൊഴിലാളികളെ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും എപ്പോഴും സ്പര്‍ശിക്കുന്ന പ്രതലങ്ങളും ഉപകരണങ്ങളും എല്ലാ ദിവസവും ഇടയ്ക്കിടെ അണു വിമുക്തമാക്കേണ്ടതുമാണ്. അതിഥിത്തൊഴിലാളികളുടെ കൂടിച്ചേരലുകളും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."