നീതിനിര്‍വഹണം തോക്കു കൊണ്ടോ?
കൊടും കുറ്റവാളിയായ വികാസ് ദുബെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഏറ്റുമുട്ടലില്‍ മരിച്ചു. നേരു പറഞ്ഞാല്‍ സുപ്രിം കോടതി പോലും അത് വിശ്വസിക്കുന്നില്ല. മധ്യപ്രദേശില്‍നിന്നു പിടിയിലായ ദുബെ യു.പിയില്‍വച്ച് ഏറ്റുമുട്ടലില്‍ മരിച്ചതു സംബന്ധിച്ചു പൊലിസിന്റെ ഭാഷ്യം ഒട്ടും വിശ്വസനീയമല്ല. പൊലിസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണത്രേ ഈ കൊടുംകുറ്റവാളിക്ക് വെടിയേറ്റത്. പക്ഷേ അത് പിറകിലല്ല, ഈ കുറ്റവാളിയെ കൈവിലങ്ങണിയിച്ചിട്ടില്ല. പൊലിസുമായി പിടിവലി നടത്തിയിട്ടും അയാളുടെയും കൂട്ടുകാരുടെയും വസ്ത്രങ്ങള്‍ക്ക് യാതൊരു ചുളിവുമേറ്റിട്ടില്ല. മുഖത്തെ മാസ്‌ക് യഥാസ്ഥാനത്തുണ്ട്. പോരാത്തതിനു ആദ്യം കയറ്റിയ വാഹനത്തിലല്ല ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അയാള്‍ ഉണ്ടായിരുന്നത്. ഇങ്ങനെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ അധികൃതരുടെ ഭാഷ്യം അപ്പടി വിശ്വസിക്കാന്‍ അസാമാന്യമായ ശുദ്ധത വേണം. അതുകൊണ്ടാണ് സുപ്രിം കോടതിയും ഈ ഏറ്റുമുട്ടല്‍ക്കൊലയെപ്പറ്റി സംശയമുന്നയിക്കുന്നത്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നൂറുകണക്കിന് വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളില്‍ ഒന്നുകൂടി എന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നത് ഈ സാഹചര്യത്തിലാണ്.
സര്‍വത്ര വ്യാജം
വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ ഇന്ത്യയില്‍ സര്‍വസാധാരണമാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഏറ്റുമുട്ടല്‍ക്കൊലയുടെ കാര്യത്തില്‍ ക്രമസമാധാനം തീരെ താറുമാറായ ബനാന റിപ്പബ്ലിക്കുകളേക്കാള്‍ മോശമായ അവസ്ഥയിലാണ് രാജ്യം. സുപ്രിം കോടതിയും ദേശീയ മനുഷ്യാവകാശക്കമ്മിഷനുമെല്ലാം ഇക്കാര്യത്തില്‍ പല തവണ ഉല്‍ക്കണ്ഠകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 2017ല്‍ സുപ്രിം കോടതി ഏറ്റുമുട്ടല്‍ക്കൊലകളുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നടപടിക്രമങ്ങളെപ്പറ്റി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. എല്ലാ ഏറ്റുമുട്ടല്‍ക്കൊലകള്‍ സംബന്ധിച്ചും ഉടനടി എഫ്.ഐ.ആര്‍ സമര്‍പ്പിക്കണമെന്നും കുറ്റം ആരോപിക്കപ്പെട്ട പൊലിസുദ്യോഗസ്ഥനേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമൊക്കെയാണ് നിര്‍ദേശം. പക്ഷേ അതൊന്നും പാലിക്കപ്പെടാറില്ല. എഫ്.ഐ.ആര്‍ വെറും വഴിപാട്. അന്വേഷണം കടലാസില്‍ മാത്രം. ഏറ്റവും ഒടുവില്‍ വികാസ് ദുബെയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയുക്തമായ പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവന്‍ രവീന്ദര്‍ ഗൗഡ് മുന്‍പൊരിക്കല്‍ ഏറ്റുമുട്ടല്‍ക്കൊലയുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ട പൊലിസുദ്യോഗസ്ഥനാണ്. വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ യു.പി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാട് എത്രത്തോളം ഉദാസീനമാണെന്നതിന് മറ്റൊരു തെളിവുവേണോ? അല്ലെങ്കില്‍ത്തന്നെയും കുറ്റവാളികളെ കോടതിയും നിയമവുമൊന്നും ഉപയോഗിച്ചല്ല കൈകാര്യം ചെയ്യേണ്ടത് എന്ന അഭിപ്രായക്കാരനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവരെ നേരിട്ട് അമര്‍ച്ച ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ കല്‍പന, കൊല്ലുന്ന മുഖ്യമന്ത്രിക്ക് തിന്നുന്ന പൊലിസുദ്യോഗസ്ഥന്മാര്‍. യു.പിയില്‍ തോക്കുകള്‍ കഥ പറയുന്നത് വെറുതെയാണോ?
2017 മാര്‍ച്ച് മുതല്‍ 16 നിയമ ബാഹ്യമായ കൊലകളാണ് യു.പിയില്‍ നടന്നത്. ഈ കൊലകള്‍ക്ക് ക്രിമനലുകളെ ആയുധമുപയോഗിച്ചു വകവരുത്തിക്കൊള്ളൂ എന്ന യോഗി ആദിത്യനാഥിന്റെ കല്‍പ്പനയുടെ പിന്‍ബലവുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം വികാസ് ദുബെയുടെ മരണത്തെ കാണാന്‍. ഇന്ത്യയില്‍ ഏറ്റവുമധികം ഏറ്റുമുട്ടല്‍ക്കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് യു.പി. പണ്ടു മുതലേ ഇതാണ് സ്ഥിതി. 2002 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ 440 കൊലപാതകങ്ങള്‍ നടന്നതില്‍ 231 ഉം യു.പിയിലായിരുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും യു.പിയുടെ തൊട്ടുപിന്നിലുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു വികസിത ജനാധിപത്യ സമൂഹത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എന്നാണ്. യോഗി ആദിത്യനാഥിനെപ്പോലെയുള്ള വിവേക ശൂന്യരായ ഭരണാധികാരികള്‍ ഈ അവസ്ഥ നിലനിര്‍ത്താന്‍ അന്യഥാ ശ്രമിക്കുകയുമാണ്.
ഗുജറാത്തിന്റെ പാഠങ്ങള്‍
വ്യവസ്ഥാപിതമായ രാഷ്ട്രീയ ഇച്ഛകളോടെ വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ നടന്നുപോന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് കലാപ കാലത്ത് നടന്ന പല പൊലിസ് നടപടികളും വിമര്‍ശനവിധേയമാവുന്നത് ഈ രാഷ്ട്രീയ ഇച്ഛകളുടെ പശ്ചാത്തലത്തിലാണ്. 2004ല്‍ നടന്ന ഇശ്‌റത്ത് ജഹാന്റെയും ജാവേദിന്റെയും കൊലകള്‍ നോക്കുക. അവ വ്യക്തമായും വ്യാജ ഏറ്റുമുട്ടല്‍ കൊലകളായിരുന്നു. 2005ല്‍ നടന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കൊലയും ഏറ്റുമുട്ടല്‍ക്കൊലയുടെ പട്ടികയിലാണെങ്കിലും അത് ഫെയ്ക്ക് എന്‍കൗണ്ടറാണെന്ന് പിന്നീട് വ്യക്തമായി. 2006ല്‍ നടന്ന തുളസീറാം പ്രജാപതി വധം മറ്റൊന്ന്. ഇത്തരം ഏറ്റുമുട്ടല്‍ക്കൊലകള്‍ക്കൊന്നും ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥന്മാര്‍ സാമാന്യേന ശിക്ഷയില്‍നിന്ന് ഒഴിഞ്ഞു പോവാറാണ് പതിവ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകളുടെ കഥ മറ്റൊന്നാണ്. പൊലിസിനെയും അര്‍ധസൈനികരുടെയും കൈകളാല്‍ നിസ്സഹായമായി മരണമേറ്റുവാങ്ങുന്നവര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്തുത്തരമാണുള്ളത്. കേരളത്തില്‍ തന്നെ നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് വധിക്കപ്പെട്ടത് പൊലിസുമായുള്ള ഏറ്റുമുട്ടലിന്നിടയിലാണെന്നാണ് ഔദ്യോഗിക ഭാഷ്യം. രാമചന്ദ്രന്‍ നായര്‍ എന്ന പൊലിസുദ്യോഗസ്ഥന്‍ കുറ്റമേറ്റപ്പോഴാണ് കേരളീയ പൊതുബോധം സത്യം തിരിച്ചറിഞ്ഞത്. സത്യം പുറത്തു വന്നാല്‍ തന്നെയും പലപ്പോഴും വ്യാജ ഏറ്റുമുട്ടല്‍ക്കൊലക്കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. 1991ല്‍ യു.പിയിലെ ഫിലിബിത്തില്‍വച്ച് 11 സിക്ക് തീര്‍ഥാടകര്‍ ഏറ്റുമുട്ടലിനിടയില്‍ വധിക്കപ്പെടുകയുണ്ടായി. അതിന്റെ പേരില്‍ 47 പൊലിസുകാര്‍ ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാല്‍ ഖാലിസ്താന്‍ പ്രക്ഷോഭ കാലത്ത് പഞ്ചാബിലുടനീളം പൊലിസിന്റേയും അര്‍ധസൈനികരുടെയും കൈകളാല്‍ കൊല്ലപ്പെട്ടവരുടെ കാര്യമോ? അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പട്ടാളക്കാരുമായി നടന്നുവെന്ന് പറയപ്പെടുന്ന 'വ്യാജ ഏറ്റുമുട്ടലുകളില്‍' മരിക്കുന്നവരുടെ കഥയോ? അവര്‍ക്ക് എവിടെ നിന്നാണ് നീതി ലഭിക്കുന്നത്, താഴേക്കിടയിലുള്ള ആളുകള്‍ ചിലപ്പോഴൊക്കെ ശിക്ഷിക്കപ്പെട്ടുവെന്ന് വന്നേക്കാം. എന്നാല്‍ ഉത്തരവിടുകയും രാഷ്ട്രീയഗൂഢാലോചനകള്‍ നടത്തുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളോ?
ജനവികാരം അനുകൂലം
ഇതുമായി ബന്ധപ്പെട്ട് പറയേണ്ട പ്രസക്തമായ ഒരു വസ്തുത സാമാന്യ ജനം ഒരു പരിധിവരെ പൊലിസും പട്ടാളവും നിയമവ്യവസ്ഥക്ക് പുറത്ത് നിര്‍ത്തി കുറ്റവാളികളെ ഉന്മൂലനം ചെയ്യുന്നതിനെ അനുകൂലിക്കുന്നു എന്നുള്ളതാണ്. 2004 ഒക്ടോബര്‍ 18നു വീരപ്പന്‍ വധിക്കപ്പെട്ടപ്പോള്‍ രാജ്യത്തുടനീളം ഉയര്‍ന്ന വികാര തരംഗം അതിനു ഉദാഹരണമാണ്. ഇസ്‌ലാമിക തീവ്രവാദികളെന്ന പേരില്‍ നിരപരാധികളായ ചെറുപ്പക്കാരെ പൊലിസ് വകവരുത്തുമ്പോള്‍ പോലും പൊതുവികാരം ഇരയാക്കപ്പെട്ടവര്‍ക്കൊപ്പമല്ല പലപ്പോഴും മറിച്ച്, വേട്ടക്കാര്‍ക്കൊപ്പമാണ്. കഴിഞ്ഞ കൊല്ലം ഡിസംബര്‍ ആറിനു ഹൈദരാബാദിലെ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളായ നാലുപേരെ പൊലിസ് വെടിവച്ചു കൊല്ലുകയുണ്ടായി. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവച്ചു കൊന്നു എന്നായിരുന്നു പൊലിസ് ഭാഷ്യം. ഈ കൊലയെ സാമാന്യമായി ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. വികാസ് ദുബെയുടെ മരണവും കാര്യമായ അനുരണനങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. പൊലിസിനും പട്ടാളത്തിനും എന്തും ചെയ്യാനുള്ള അധികാരവും അവകാശവും വിട്ടുകൊടുക്കുകയാണോ ജനങ്ങള്‍? അതിന്റെ മറവില്‍ നടക്കുന്ന ദുരുപയോഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ അവര്‍?
നീതിയുടെ തോല്‍വി
ഇതേക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. രാജ്യത്ത് നീതിന്യായവ്യവസ്ഥക്ക് സംഭവിച്ചിട്ടുള്ള പരാജയമാണ് നിയമം കൈയിലെടുക്കുന്നതില്‍ ന്യായം കണ്ടെത്തുന്ന മനോനിലക്ക് കാരണം. കുറ്റവാളികളെ പിടികൂടാനും മാതൃകാപരമായി ശിക്ഷിക്കാനും ഇന്ത്യയിലെ നിയമപാലന നീതിന്യായ വ്യവസ്ഥകള്‍ അപര്യാപ്തമാണ്. പൊലിസ് സംവിധാനത്തിലും ജുഡിഷ്യറിയിലും അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയാണുള്ളത്. പലപ്പോഴും സാങ്കേതികത്വത്തിന്റെ പേരില്‍ കുറ്റക്കാര്‍ രക്ഷപ്പെടുന്നതാണനുഭവം. പൊലിസ് കേസ് ചാര്‍ജ് ചെയ്യുന്നതില്‍ വരുത്തുന്ന വീഴ്ചകളാവാം കാരണം. അല്ലെങ്കില്‍ ബോധപൂര്‍വം കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതാവാം, അതുമല്ലെങ്കില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ ജുഡിഷ്യറി പരാജയപ്പെടുന്നുണ്ടാവാം. ഫലത്തില്‍ നീതിപാലന വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആ വിശ്വാസക്കുറവാണ് മറിച്ചുചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. വികാസ് ദുബെയുടെ കാര്യം തന്നെ എടുക്കുക. കൊടും ക്രിമിനലായ ദുബെയുടെ പേരില്‍ നിരവധി കേസുകളുണ്ട്. എന്നിട്ടും അയാള്‍ യാതൊരു അല്ലലും അലട്ടും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ വിഹരിക്കുകയായിരുന്നു. പൊലിസിന്റെയും ഭരണവര്‍ഗത്തിന്റെയും ഒത്താശയോടെയാണിത്. അതിനാല്‍ കോടതിക്കു പുറത്തുള്ള നീതിനിര്‍വഹണത്തിന് അനുകൂലമായ മാനസികാവസ്ഥ സാധാരണ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്നു. അത് അവരുടെ കുറ്റമല്ല. മാതൃകാപരമായി നീതിയും ന്യായവും നടപ്പില്‍ വരുത്തുവാന്‍ നിഷ്‌കര്‍ഷ പുലര്‍ത്താത്ത ഭരണാധികാരികളുടെയും പൊലിസിന്റെയും കോടതികളുടെയും പരാജയമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മകളെ ബലാത്സംഗം ചെയ്തു കൊന്ന വ്യക്തിയെ വെടിവച്ചു കൊന്ന് കൊണ്ട് ഒരു പിതാവ് മഞ്ചേരിയില്‍ 'നീതി' നടപ്പില്‍ വരുത്തുകയുണ്ടായി. അതേപോലെയൊരു നീതിനിര്‍വഹണമാണ് യു.പിയില്‍ വികാസ് ദുബെയുടെ കാര്യത്തില്‍ പൊലിസ് ചെയ്തത്. ഹൈദരാബാദില്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ നേരെ വെടിവച്ചതും ഇതേ വികാരത്താലാണ്. ഇതെല്ലാം നിയമവ്യവസ്ഥയെ നിരാകരിക്കുന്ന പ്രാകൃത രീതികളാണ്. നമ്മുടെ സമൂഹവും ജനാധിപത്യ വ്യവസ്ഥയും നിയമ സംവിധാനവുമെല്ലാം ഒട്ടും പരിഷ്‌കൃതമല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമത്തെ നിരാകരിക്കാന്‍ അധികാരിവര്‍ഗത്തിന് മൗനാനുവാദം നല്‍കുമ്പോള്‍ അന്തിമമായി അത് നമ്മുടെ ജനാധിപത്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ഹനിക്കുന്നതിലാണ് അത് എത്തിച്ചേരുക എന്ന് തിരിച്ചറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."