'അവതാരങ്ങളെ' അകറ്റണം: മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സി.പി.എം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ ആരോപണവിധേയമായ സാഹചര്യത്തില്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സി.പി.എം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എ.കെ.ജി സെന്ററില്‍ വിളിച്ചുചേര്‍ത്ത സി.പി.എം മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലുള്ളവരുടെ യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.
പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്നും കോടിയേരി നിര്‍ദേശം നല്‍കി. മന്ത്രിമാരുടെ ഓഫിസിലെ സ്റ്റാഫുകളെ നിയമിച്ചത് പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ പ്രസ്ഥാനത്തോടു കൂറു വേണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാഫുകള്‍ക്ക് പാര്‍ട്ടി തലത്തിലുള്ള പെരുമാറ്റച്ചട്ടം ഉണ്ട്. ഇതു പാലിക്കാന്‍ മാസം തോറും എ.കെ.ജി സെന്ററില്‍ യോഗം ചേരേണ്ട കാര്യമില്ല. മന്ത്രിയുടെ ഓഫിസിലെത്തുന്നവരെ വ്യക്തമായി മനസിലാക്കുകയെന്നതു ദുഷ്‌കരമാണ്. എന്നാല്‍ ഒരാവശ്യത്തിനു മാത്രം സ്ഥിരമായി കയറിയിറങ്ങുന്നവരെ പ്രത്യേകം ശ്രദ്ധിക്കുകയും സംശയമുണ്ടെങ്കില്‍ മന്ത്രിയേയോ പാര്‍ട്ടിയേയോ അറിയിക്കണമെന്നും യോഗത്തില്‍ കോടിയേരി നിര്‍ദേശം നല്‍കി.
മന്ത്രിയുടെ ഓഫിസ് സുതാര്യമാകണമെങ്കില്‍ സ്റ്റാഫുകള്‍ തന്നെ വിചാരിക്കണം. പാര്‍ട്ടിയുടെ കത്തുമായി വരുന്നവരാണെങ്കില്‍ പോലും വളരെ ശ്രദ്ധിച്ചു വേണം ഇടപെടാന്‍.
എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു യോഗം വിളിച്ചതിന്റെ പേരില്‍ നാളെ മുതല്‍ വരുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണരുതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."