ട്രംപിന്റെ 'മുസ്‌ലിം നിരോധന'ത്തിനെതിരേ ബില്‍ അംഗീകരിച്ച് യു.എസ് പ്രതിനിധി സഭ
വാഷിങ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ പ്രവേശനം നിഷേധിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരേയുള്ള ബില്ലിന് പ്രതിനിധി സഭയുടെ അംഗീകാരം. നോണ്‍ ബാന്‍ ആക്റ്റ് എന്ന ബില്‍ 183 നെതിരേ 233 വോട്ടുകള്‍ക്കാണ് പ്രതിനിധി സഭ അംഗീകരിച്ചത്.മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ബില്‍ 2017ല്‍ ആണ് ട്രംപ് പാസാക്കിയത്.
'മുസ്‌ലിം നിരോധനം കാരണം കുടുംബങ്ങളില്‍നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും അകറ്റപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കക്കാരുണ്ട് ഇന്ന്, വീണ്ടും ഒന്നിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഒന്നിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍, ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ നഷ്ടപ്പെടേണ്ടി വരുന്ന മുത്തശ്ശിമാര്‍,' ബില്ലിനെ പിന്തുണയ്ക്കുന്ന മുസ്‌ലിം അഡ്വക്കേറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന ഖേര പറഞ്ഞു.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓഡര്‍ അസാധുവാക്കുന്നതാണ് ഡെമോക്രാറ്റുകളുടെ പിന്തുണയില്‍ പ്രതിനിധി സഭയില്‍ പാസായ ബില്‍. ഇറാന്‍, ലിബിയ, സിറിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു ട്രംപ് ആദ്യഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്ക് പിന്നീട് വെനിസ്വേല, ഉത്തര കൊറിയ, നൈജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു.
നിയമത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
റിപ്പബ്ലിക്കരുടെയും വൈറ്റ് ഹൗസിന്റെയും എതിര്‍പ്പ് കാരണം നോണ്‍ ബാന്‍ ബില്‍ സെനറ്റില്‍ പാസാവാന്‍ സാധ്യതയില്ല. എന്നാല്‍ വര്‍ഷാവസാനം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത് മുഖ്യ പ്രചാരണ വിഷയമാവുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."