വനിതകള്‍ക്ക് ഇനി സൈന്യത്തില്‍ സ്ഥിരംകമ്മിഷന്‍; സര്‍ക്കാര്‍ ഉത്തരവായി
ന്യൂഡല്‍ഹി: വനിതാ ഉദ്യോഗസ്ഥര്‍ക്ക് സൈന്യത്തില്‍ സ്ഥിരം കമ്മിഷന്‍ പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സൈന്യത്തില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ സര്‍വിസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്ന ഫെബ്രുവരി 17ലെ സുപ്രിം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ സഹായകരമാവുന്ന ഉത്തരവാണിതെന്ന് കരസേനാ വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. സൈന്യത്തിന്റെ വ്യോമപ്രതിരോധം, സിഗ്‌നല്‍, എന്‍ജിനീയേഴ്‌സ്, ആര്‍മി ഏവിയേഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ആര്‍മി സര്‍വിസ് കോര്‍പ്‌സ്, ഇന്റലിജന്‍സ് കോര്‍പ്‌സ് തുടങ്ങിയ മേഖലകളില്‍ കൂടി വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി ലഭ്യമാകും. നിലവില്‍ വനിതാ ഓഫിസര്‍മാരെ ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ വ്യവസ്ഥ പ്രകാരമാണ് സേനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ജഡ്ജിമാര്‍, അഡ്വക്കറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷനല്‍ കോര്‍പ്‌സ് എന്നീ വിഭാഗങ്ങളില്‍ നേരത്തെ തന്നെ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവിയുണ്ട്. നാവികസേനയിലെ ഷോര്‍ട്ട് സര്‍വിസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മിഷന്‍ പദവികള്‍ നല്‍കാന്‍ 2010ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതിരോധ മന്ത്രാലയം സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സര്‍വിസ് കാലയളവ് പരിഗണിക്കാതെ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."