നസീറുദ്ദീന്‍ വധം: നടുക്കം മാറാതെ ബാലനും ശൈലേഷും
ചേരാപുരം: നസീറുദ്ദീന്റെ ദാരുണ മരണത്തില്‍ നടുക്കം മാറാതെ ബാലനും ശൈലേഷും. കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയ ചേരാപുരം പുത്തലത്തെ യൂത്ത് ലീഗ്, എസ്.കെ.എസ്.എസ് എഫ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്റെ രക്ഷയ്ക്കായി ആദ്യമെത്തിയത് പ്രദേശവാസികളായ ഈ രണ്ടു യുവാക്കളായിരുന്നു. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള റോഡില്‍ കുത്തേറ്റു വീണ നസീറുദ്ദീന്റെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ അനന്തോത്ത് ബാലനും ചാമക്കാലായി ശൈലേഷും സംഭവസ്ഥലത്തെത്തിയത്. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന രണ്ടു പേരും റോഡിലേക്ക് കയറിവരുമ്പോള്‍ കാണുന്നത് രക്തം വാര്‍ന്നു നടുറോഡില്‍ പിടയുന്ന നസീറുദ്ദീനെയാണ്. ഉടനെ ബാലന്‍ തന്റെ ഉടുമുണ്ടഴിച്ച് നസീറിന്റെ വയറിന് ചുറ്റും കെട്ടി മടിയിലിരുത്തുകയായിരുന്നു. സഹായത്തിനായി ഓടിവരാന്‍ ബാലനും ശൈലേഷും അലറി വിളിച്ചു. രക്തം നില്‍ക്കാതെ വന്നപ്പോള്‍ ശൈലേഷും തന്റെ മുണ്ടഴിച്ച് കെട്ടി.
മാരകമായ രീതിയില്‍ മുറിവേറ്റതിനാല്‍ രക്തം കുതിച്ചൊഴുകുകയും റോഡ് രക്തക്കളമാവുകയും ചെയ്തു. തൊട്ടടുത്ത് അല്‍മനാര്‍ മദ്‌റസയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയോഗം നടക്കുന്നതറിഞ്ഞ സമീപവാസിയായ സ്ത്രീ അവിടെയെത്തി വിവരം പറയുകയും തുടര്‍ന്നു നാട്ടുകാരും പ്രവര്‍ത്തകരും എത്തി നസീറുദ്ദീനെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഇതിനു ശേഷം അടുത്ത വീടുകളില്‍ നിന്ന് മുണ്ടു സംഘടിപ്പിച്ചാണ് യുവാക്കള്‍ വീട്ടിലേക്ക് മടങ്ങിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ശാന്തമായ അവസ്ഥയാണുണ്ടായിരുന്നത്. അക്രമിസംഘത്തില്‍പ്പെട്ടവര്‍ കൊലപാതകം വര്‍ഗീയതലത്തിലേക്ക് തിരുച്ചുവിടാന്‍ ശ്രമം നടത്തിയതായും സംഭസ്ഥലത്തെത്തിയവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."