രാജസ്ഥാനിലെ പ്രതിസന്ധി സ്പീക്കര്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി സുപ്രിംകോടതി നിലപാട്. സച്ചിന്‍ പൈലറ്റടക്കമുള്ള 19 വിമത എം.എല്‍.എമാര്‍ക്ക് അയോഗ്യതാ നോട്ടിസ് നല്‍കിയതില്‍ ഇടപെടുന്നതില്‍നിന്നു രാജസ്ഥാന്‍ ഹൈക്കോടതിയെ വിലക്കണമെന്ന സ്പീക്കര്‍ സി.പി ജോഷിയുടെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. ഹരജി 27ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.
തങ്ങള്‍ക്ക് അയോഗ്യതാ നോട്ടിസ് നല്‍കിയ നടപടിക്കെതിരേ വിമത എം.എല്‍.എമാരാണ് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ജൂലൈ 21വരെ വിഷയത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വാദം നീണ്ടുപോയതോടെ ഇന്നു വൈകിട്ട് വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി വീണ്ടും നിര്‍ദേശിച്ചതോടെയാണ് സ്പീക്കര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന് അയോഗ്യരാക്കാനാകില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
സ്പീക്കര്‍ തീരുമാനമെടുത്തതിനു ശേഷമേ ഇത്തരം കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനാകൂവെന്നും വിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് ഹൈക്കോടതിയെ വിലക്കണമെന്നുമായിരുന്നു സ്പീക്കര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹരജി പരിഗണിച്ചത്. സ്പീക്കര്‍ക്കായി കപില്‍ സിബല്‍ ഹാജരായി. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് അയോഗ്യരാക്കാന്‍ പറ്റില്ലെന്നു സുപ്രിംകോടതിയും വാക്കാല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹരജിയില്‍ 27നു വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനിച്ചതോടെ അതുവരെ പൈലറ്റ് പക്ഷത്തെ അയോഗ്യരാക്കുന്നതില്‍ സ്പീക്കര്‍ക്കു തീരുമാനമെടുക്കാനാകില്ലെന്ന് ഉറപ്പായി.
കേന്ദ്രമന്ത്രിക്കെതിരേ അഴിമതിക്കേസുമായി രാജസ്ഥാന്‍
ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടപെട്ടെന്നു കോണ്‍ഗ്രസ് ആരോപിക്കുന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗജേന്ദ്രസിങ് ഷെഖാവതിനെതിരേ അഴിമതിക്കേസുമായി രാജസ്ഥാന്‍ പൊലിസ്. സഞ്ജീവനി ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട 884 കോടിയുടെ അഴിമതിയാരോപണത്തില്‍ കേന്ദ്രമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ രാജസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘത്തിന് ജയ്പൂരിലെ കോടതി അനുമതി നല്‍കി.
കഴിഞ്ഞ വര്‍ഷം മുതല്‍ രാജസ്ഥാനിലെ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസാണിത്. ഷെഖാവതിനും ഭാര്യയ്ക്കും ഈ അഴിമതിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇദ്ദേഹത്തിന്റെ പങ്ക് ഇതുവരെ അന്വേഷണവിധേയമാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."