പെന്‍ഷന്‍ പദ്ധതിയിലെ പരാതി പരിഹാരം അദാലത്തുകള്‍ അടുത്തമാസം
മാനന്തവാടി: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി അടുത്ത മാസം അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളുമാണ് അടുത്ത മാസം 20ന് മുന്‍പായി അദാലത്തുകള്‍ സംഘടിപ്പിച്ച് അപാകതകള്‍ പരിഹരിക്കേണ്ടത്.
മുന്‍പ് ഒരു തവണയെങ്കിലും സാമൂഹികക്ഷേമ പെന്‍ഷന്‍ ലഭിക്കുകയും പിന്നീട് നിലക്കുകയും ചെയ്തവരുടെ പരാതികളാണ് അദാലത്തിലുടെ പരിഹരിക്കുക.
വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ 1000 രൂപയും 1100 രൂപയുമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ മുഖേന വിവരശേഖരണം നടത്തിയതില്‍ അപാകതകളുള്ളതായി നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു.
ഏകീകൃത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ഒന്നില്‍ കൂടുതല്‍ പെന്‍ഷനുകള്‍ ഒരാള്‍ സ്വീകരിക്കുന്നത് തടഞ്ഞതാണ് പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ക്കിടയാക്കിയത്. പെന്‍ഷന്‍ പദ്ധതിയില്‍ ഐ.ഡി കാര്‍ഡ് ലഭിച്ചവരുടെ പരാതികള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സര്‍ക്കാര്‍ സര്‍വിസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാകും പരാതികള്‍ പരിഗണിക്കുന്ന അദാലത്ത്. ഈ മാസം 30ന് മുന്‍പായി അദാലത്ത് സംഘടിപ്പിക്കുന്ന സ്ഥവവും തിയതിയും അതാത് ഗ്രാമ പഞ്ചായത്തുകള്‍ പരസ്യപ്പെടുത്തണം. മെയ് 10നും 20നും ഇടക്കുള്ള ദിവസങ്ങളിലായിട്ടായിരിക്കണം അദാലത്ത് നടത്തേണ്ടത്.
അദാലത്തുകള്‍ നടക്കുന്നതിന്റെ അഞ്ച് ദിവസം മുന്‍പ് വരെ പരാതികള്‍ സ്വീകരിക്കുകയും ഇവ വെബ്‌സൈറ്റില്‍ നല്‍കേണ്ടതുമാണ്.
പരാതികള്‍ നിയമപ്രകാരം പരിശോധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ശേഷമാവണം അദാലത്തിലേക്ക് കൊണ്ടു വരേണ്ടത്.
നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിക്കൊണ്ട് അദാലത്ത് എടുക്കുന്ന തീരുമാനങ്ങള്‍ രണ്ട് ദിവസത്തിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മെയ് 31 നകം പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്നാണ് സംസ്ഥാന ധനകാര്യ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."