ഡി.ജി.പിയുടെ സര്‍ക്കുലര്‍ വിവാദമാകുന്നു
തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍.
വിവരങ്ങള്‍ ഉപയോഗിച്ച് പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനാണ് പൊലിസ് അസോസിയേഷന്റെ നീക്കമെന്നാണ് ആക്ഷേപം. ഓരോ യൂനിറ്റിലെയും പൊലിസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഡി.ജി.പി നല്‍കുകയും ഇതിനായി നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന ഉത്തരവ് സംസ്ഥാനത്ത് ആദ്യമായാണ് പുറത്തിറങ്ങുന്നത്. പോസ്റ്റല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായാണ് സേനയ്ക്കുള്ളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം.
പൊലിസുകാരുടെ വിവരങ്ങള്‍ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നാണ് പ്രതിപക്ഷ യൂനിയന്റെ ആരോപണം. മെയ് 23 വരെ പോസ്റ്റല്‍ ബാലറ്റ് സമര്‍പ്പിക്കാന്‍ സമയമുണ്ട്. പൊലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെ പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സാധാരണയായി പൊലിസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുമ്പോള്‍ അവര്‍തന്നെ ബാലറ്റ് പേപ്പര്‍ ഒപ്പിട്ട് വാങ്ങുകയും വോട്ട് രേഖപ്പെടുത്തി കവറിലിട്ട് സീല്‍ ചെയ്ത് റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കുകയുമാണ് പതിവ്. എന്നാല്‍, ഇത്തവണ ബാലറ്റ് പേപ്പര്‍ വിതരണംചെയ്യുകയും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചുവാങ്ങുകയും ചെയ്യുന്നത് നോഡല്‍ ഓഫിസറാണ്. ഇത് വോട്ടിന്റെ രഹസ്യാത്മകതയെ ബാധിക്കുമെന്നാണ് ആക്ഷേപം.
അതിനിടെ, സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സീക്രട്ട് ബാലറ്റാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. ബാലറ്റ് പേപ്പര്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ അതില്‍ ഏതുതരത്തിലുള്ള തിരിമറികളും നടക്കാം. പൊലിസുകാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."