കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ശ്രമം വിവാദത്തിലേക്ക്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കുന്നതിനിടെ കസ്റ്റംസില്‍ സ്ഥലംമാറ്റവും വിവാദവും. കേസന്വേഷിക്കുന്ന മിടുക്കരായ എട്ട് ഉദ്യോഗസ്ഥരടക്കം 78 പേര്‍ക്കാണ് ഒറ്റയടിക്ക് സ്ഥലംമാറ്റ ഉത്തരവ് കൈയില്‍ കിട്ടിയത്. സംഭവം വിവാദമായതോടെ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ ഇടപെട്ട് സ്ഥലംമാറ്റം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
കസ്റ്റംസ് കേസുകള്‍ അന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലും സൂപ്രണ്ട്, എക്‌സാമിനര്‍ തലങ്ങളിലുള്ളവര്‍ക്കുമാണ് സ്ഥലംമാറ്റം ഉത്തരവ് ലഭിച്ചത്. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫാണ് ഉത്തരവ് ഇറക്കിയത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് അദ്ദേഹത്തിന്റെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ മാറ്റാന്‍ ഉത്തരവുണ്ടായത്.
സുമിത് കുമാര്‍ ഇക്കാര്യം സൗത്ത് സോണ്‍ ചീഫ് കമ്മിഷണറെ അറിയിക്കുകയും തുടര്‍ന്ന് കസ്റ്റംസിന്റെ ചീഫ് കമ്മിഷണറെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സ്ഥലംമാറ്റം മരവിപ്പിച്ചത്.
എന്നാല്‍ സ്ഥലംമാറ്റം നല്‍കിയത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ സത്യവാങ്മൂലങ്ങളും മറ്റും മൊഴിമാറ്റം നല്‍കാന്‍ സഹായിക്കുന്നവര്‍ മാത്രമാണുണ്ടായിരുന്നതെന്നും ഉത്തരവ് മരവിപ്പിച്ച സ്ഥിതിക്ക് വിവാദത്തിനടിസ്ഥാനമില്ലെന്നുമുള്ള നിലപാടിലാണ് കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."