വൈഗ ഡാമില്‍ തെര്‍മോകോള്‍ പാകിയത് തന്റെ ആശയമല്ലെന്ന് മന്ത്രി
ചെന്നൈ: മധുര ജില്ലയിലെ വൈഗ ഡാമിലെ ബാഷ്പീകരണം തടയാന്‍ തെര്‍മോകോള്‍ നിരത്തി പരാജയപ്പെട്ടതോടെ തന്റെ ആശയമല്ല ഇതെന്ന് വ്യക്തമാക്കി തമിഴ്‌നാട് മന്ത്രി തടിയൂരി.
കനത്ത ചൂടില്‍ ഡാമിലെ വെള്ളം ബാഷ്പീകരിക്കപ്പെടാതിരിക്കാന്‍ തെര്‍മോകോള്‍ പാകുകയും കാറ്റില്‍ ഇവയെല്ലാം പൊടിഞ്ഞ് ഇതിനായി ചെലവഴിച്ച പത്ത് ലക്ഷം രൂപ വെള്ളത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഇത് തന്റെ ആശയമല്ലെന്ന ന്യായീകരണവുമായി തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജു രംഗത്തെത്തിയത്. ഒരു മന്ത്രിയും ഇത്തരത്തില്‍ ചെയ്യില്ല. ഏതെങ്കിലും രീതിയില്‍ ഒരു സര്‍ക്കാരിന് ഇത് ചെയ്യാന്‍ അധികാരമില്ലെന്നും മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പൊതുഖജനാവില്‍ നിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ചതിനെതിരേ വ്യാപകമായ ആക്ഷേപമാണ് മന്ത്രിക്കെതിരായി ഉയര്‍ന്നത്. എന്നാല്‍ തെര്‍മോകോളിനായി എണ്ണായിരം രൂപ മാത്രമാണ് ചെലവായതെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ ബാഷ്പീകരണം തടയാന്‍ പ്ലാസ്റ്റിക് ബോളുകളും പ്ലാസ്റ്റിക് ഷീറ്റുകളും ഡാമിലെ ജലോപരിതലത്തില്‍ ഇടാന്‍ പദ്ധതിയുണ്ട്. 250 ഏക്കര്‍ വിസ്തൃതിയുള്ള ഡാമില്‍ ഇപ്പോള്‍ അറുപത് ഏക്കറില്‍ മാത്രമാണ് വെള്ളമുള്ളത്. രണ്ട് ഏക്കറിലെ ബാഷ്പീകരണം തടയാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."