മുസ്‌ലിം ലീഗിനെ മോദി ഭയക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
രാമനാഥപുരം: രാജ്യത്താകമാനം ഇന്ന് രാഹുല്‍ തരംഗമാണെന്നും രാജ്യം തന്നെ കൈവിട്ടെന്ന വെപ്രാളത്തില്‍ പ്രധാനമന്ത്രി നെട്ടോട്ടമോടുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കേരളത്തിലെത്തിയ നരേന്ദ്ര മോദി കോഴിക്കോട്ടു നിന്നും ലീഗ് ഏണി ചിഹ്നത്തില്‍ മത്സരിക്കുന്ന രാമനാഥപുരത്തേക്ക് ഓടുന്നത് എല്ലാ വൈറസിനേയും ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള ലീഗിനെ മോദി അത്രമേല്‍ ഭയക്കുന്നു എന്നതിന്റെ വലിയ തെളിവാണ്. മുസ്‌ലിം ലീഗ് ഇന്ന് ദക്ഷിണേന്ത്യയിലെന്ന പോലെ വടക്കേ ഇന്ത്യയിലും കരുത്ത് പ്രാപിക്കുന്നത് മോദിക്കും യോഗിക്കും തടയാനാകാത്തതിന്റെ ജാള്യത മറക്കാനാണ് ലീഗിന്റെ പതാകയെ പാകിസ്താന്റെ പതാകയോട് ഉപമിച്ചതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലെ ചിന്നകടൈയില്‍ നടന്ന മുസ്‌ലിംലീഗ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ നാഗ്പൂര്‍ കുതന്ത്രങ്ങള്‍ ഒരിക്കലും വിലപോവില്ലെന്നും തമിഴകത്തിന്റെ നിശ്വാസങ്ങള്‍ക്ക് പോലും മതേതരത്വത്തിന്റെ സുഗന്ധമാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഷാജഹാന്‍ രാമനാഥപുരം അധ്യക്ഷനായി. കടയനെല്ലൂര്‍ എം.എല്‍.എ അബൂബക്കര്‍ സാഹിബ് മുഖ്യാതിഥിയായി. യുത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍, ഹദ്യതുല്ല ചിന്നക്കടൈ, സംസ്ഥാന വൈസ്. പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ പൊന്നാനി, അഹ്മദ് സാജു, യൂനുസ് ഖാന്‍, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി, ഹക്കീം കോല്‍മണ്ണ, അശ്‌റഫ് മാഹി, മുനീര്‍ മാസ്റ്റര്‍ വേങ്ങര, അബ്ബാസ് കൊടുവായൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."