ഭീതി വിതച്ച് കോവിഡ് : കാസര്‍കോടും പാലക്കാടും കോഴിക്കോടും കണ്ണൂരുമായി നാല് മരണങ്ങള്‍
കാസര്‍കോട്: സംസ്ഥാനത്ത് ഭീതി വിതച്ച് വീണ്ടും കോവിഡ് മരണങ്ങള്‍. കോഴിക്കോടും കാസര്‍കോടും പാലക്കാടും കണ്ണൂരുമാണ് നാല് മരണങ്ങളുണ്ടായത്. പാലക്കാടും യുവതി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് (40) മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുമ്പാണ് ഇവരെത്തിയത്.
കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ആണ് മരിച്ചവരിലൊരാള്‍. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട്ടെ റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) മരിച്ചു. കൊളക്കാട്ടുവയലില്‍ ഷാഹിദയാണ് മരിച്ചത്. ഇവര്‍ ക്യാന്‍സര്‍ ബാധിതയാണ്. അതേ സമയം കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖിയാബി (67) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് റുഖിയാബി മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുമാരസ്വാമിയിലുള്ള ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.
കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമല്‍ജോ (19)ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം അമലിന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രി നാലുപേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതല്ലാതെ തന്നെ അഞ്ചുപേരുടെ മരണകാരണം കൊവിഡാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈകിട്ട് ആലുവയില്‍ മരിച്ചവ്യക്തിയായിരുന്നു അതിലൊരാള്‍.
കാസര്‍കോട് ജില്ലയില്‍ നബീസയുടെ മരണത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിലായിരുന്നു നബീസയെ പ്രവേശിപ്പിച്ചിരുന്നത്.
എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."