വൈദ്യുതി ഉപഭോഗം കഴിഞ്ഞ വര്‍ഷത്തെ റെക്കോഡ് തകര്‍ത്തില്ല
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോഡ്. 2016 ഏപ്രില്‍ 26ന് 80.6 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. എന്നാല്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന ഉപഭോഗം ഇന്നലത്തേത് 77.579 ദശലക്ഷം യൂനിറ്റാണ്. വെള്ളം കുറഞ്ഞതിനാല്‍ നിരവധി ജലസേചന പദ്ധതികളില്‍ പമ്പിങ് നിലച്ചതാണ് ഇക്കുറി വൈദ്യുതി ഉപഭോഗം റെക്കോഡ് തകര്‍ക്കാത്തതെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലും ജലനിരപ്പ് ആശങ്കാജനകമാം വിധം താഴുകയാണ്. ആനയിറങ്കല്‍ അണക്കെട്ട് വറ്റിയതിനാല്‍ ഇന്നലെ മുതല്‍ സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം കുറച്ച്, പുറമെ നിന്നുള്ള വൈദ്യുതി കൂട്ടിയിരിക്കുകയാണ്. ഗ്രിഡ് ശേഷിയുടെ പരമാവധി വൈദ്യുതിയാണ് ഇപ്പോള്‍ പുറമെനിന്നു എത്തിക്കുന്നത്. 62.337 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ എത്തിച്ചത്. ഇതും സര്‍വകാല റെക്കോഡാണ്. 15.241 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പാദനം.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണശേഷിയുടെ 20.6 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 868.625 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണിത്. ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളില്‍ കരുതലുണ്ടാകണമെന്നതാണ് വൈദ്യുതി ബോര്‍ഡിന്റെ ജലവിനിയോഗ തത്വം. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ 60-62 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്നു എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2312.32 അടിയാണ്. ഇത് സംഭരണശേഷിയുടെ 18 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇടമലയാര്‍ 27, പമ്പ 24, ഷോളയാര്‍ 19, മാട്ടുപ്പെട്ടി 36, പൊന്മുടി 32, നേര്യമംഗലം 48, ലോവര്‍പെരിയാര്‍ 68, കുറ്റ്യാടി 29, കുണ്ടള 15, ആനയിറങ്കല്‍ നാല് ശതമാനം.
ഇന്നലത്തെ വൈദ്യുതി ഉല്‍പാദനം ഇടുക്കി 6.559, ശബരിഗിരി 2.567, ഇടമലയാര്‍ 1.0107, ഷോളയാര്‍ 0.7432, പള്ളിവാസല്‍ 0.585, കുറ്റ്യാടി 1.5158, പന്നിയാര്‍ 0.1534, നേര്യമംഗലം 0.061, ലോവര്‍ പെരിയാര്‍ 0.192, പൊരിങ്ങല്‍കുത്ത് 0.2891, ചെങ്കുളം 0.3021, കക്കാട് 0.3452, കല്ലട 0.0796, മലങ്കര 0.0945 എന്നിങ്ങനെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."