ക്ഷീരകര്‍ഷകര്‍ വിഷുദിനത്തില്‍ നിരാഹാരമിരിക്കും
കോഴിക്കോട്: ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വിഷു ദിനത്തില്‍ നിരാഹാര സമരവുമായി മലബാറിലെ ക്ഷീര കര്‍ഷകര്‍.
പാലിന്റെ തറവില 40 രൂപയാക്കി വര്‍ധിപ്പിക്കുക, പുല്ല്, കാലിത്തീറ്റ, എന്നിവയ്ക്ക് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 15ന് പെരിങ്ങളം മില്‍മ ഹെഡ് ഓഫിസിന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ സൂചന നിരാഹാരസമരം നടത്തുമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷീര കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ക്ഷീരകര്‍ഷകരില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനോ വിഷയം സര്‍ക്കാരിന് മുന്നില്‍ എത്തിക്കാനോ ക്ഷീരസംഘങ്ങളോ ബന്ധപ്പെട്ട വകുപ്പുകളോ ഇടപെടുന്നില്ലെന്നും അവര്‍ ആരോപിച്ചു.നിലവില്‍ പാലിന് 33 രൂപയാണ് ലഭ്യമാകുന്നത്. ഇത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. വേനല്‍കാലത്ത് ഒരോ ലിറ്റര്‍ പാലിനും അഞ്ചു രൂപ വീതം ഇന്‍സന്റീവ് നല്‍കുക, കന്നുകാലികളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ വഹിക്കുക, മൃഗാശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകളും ഡോക്ടര്‍മാരെയും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചികാല സമരത്തിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വേണു പെരിയത്ത്, ബിജു സുരേന്ദ്രന്‍, കെ.കെ ഫെഫീര്‍, അഹമ്മദ്‌കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."