ഒരു വാട്‌സ് ആപ്പ് ദുരന്തകഥ
അനേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ സന്ദേശപ്പെരുമഴയ്ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടന്നതിനിടയിലാണ് ആ അഭ്യര്‍ഥന കണ്ണിലുടക്കിയത്.
അതൊരു എസ്.ഒ.എസ് സന്ദേശംപോലെ അകലങ്ങളില്‍നിന്നുള്ള നിലവിളിയായിരുന്നു.
'ഹലോ ഫ്രന്റ്‌സ്, നമ്മുടെ ജെയിംസ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. നെര്‍വ് ബ്ലോക്കാണ്. ഒരാഴ്ചയായി. ഇതിനകംതന്നെ ചികിത്സാച്ചെലവു നാലു ലക്ഷം കഴിഞ്ഞു. എന്തെങ്കിലും സഹായം എല്ലാവരും ചെയ്താല്‍ നന്നായിരുന്നു. അതൊരു കാരുണ്യപ്രവൃത്തിയാകും.'
ഈ സന്ദേശം ദിവസങ്ങള്‍ക്കു മുമ്പു വന്നതാണ്. ഗ്രൂപ്പിലും വ്യക്തിപരമായും നൂറുകണക്കിനു സന്ദേശങ്ങള്‍ ദിവസവും വന്നടിയുന്നതിനാലും അവയില്‍ ബഹുഭൂരിപക്ഷവും അര്‍ഥരഹിതവും ആവര്‍ത്തനവിരസവുമായ കോമാളിത്തരങ്ങളും ഔപചാരികതകളുമായതിനാലും ദിവസവും തുറന്നുനോക്കാറില്ല. ദിവസങ്ങളുടെ ഇടവേളകളിലെപ്പോഴെങ്കിലും സന്ദേശങ്ങള്‍ കറക്കിനീക്കി അത്യാവശ്യമുള്ളവ മാത്രം വായിക്കുകയാണു പതിവ്.ഈ സന്ദേശം വന്നതു പഴയകാല കലാലയ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ്. പണ്ടത്തെ സ്‌നേഹബന്ധം ഇഴമുറിയാതെ തുടരുന്നതിനൊപ്പം ജീവിതമധ്യാഹ്നത്തില്‍ പരസഹായം ചെയ്യാനുള്ള വേദി കൂടിയായാണു സംഘടന ആരംഭിച്ചത്. പലപല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളാലാവുന്ന പങ്കു നല്‍കി പഴയ സഹപാഠികളില്‍ സാമ്പത്തികദുരിതമനുഭവിക്കുന്നവരെയും രോഗികളെയും സഹായിക്കുകയെന്നതു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യവുമാണ്.
അതിനാല്‍, ഇങ്ങനെയൊരു അടിയന്തരസന്ദേശം, കാണാന്‍ വൈകിയതിലുള്ള കുറ്റബോധത്തോടെ, അതേസമയം വളരെ താല്‍പ്പര്യത്തോടെയാണു വായിച്ചത്. അതിനേക്കാള്‍ താല്‍പ്പര്യം ആ സന്ദേശത്തോട് എത്രപേര്‍ എങ്ങനെയെല്ലാം പ്രതികരിച്ചുവെന്ന് അറിയാനായിരുന്നു. സഹായത്തിനായുള്ള ആ ആര്‍ത്തനാദത്തിനു തൊട്ടുപിന്നാലെ അനുകൂലമായ ഒട്ടേറെ പ്രതികരണങ്ങളുണ്ടാവേണ്ടതാണ്. ആ സന്ദേശത്തിനു പിന്നാലെ മിനുട്ടുകളുടെയും സെക്കന്‍ഡുകളുടെയും വ്യത്യാസത്തില്‍ നൂറുകണക്കിനു സന്ദേശങ്ങള്‍ വന്നുചേര്‍ന്നിട്ടുമുണ്ടായിരുന്നു.തെറ്റിദ്ധാരണമൂലമാണെങ്കിലും, ഞെട്ടിപ്പിച്ചതായിരുന്നു ആദ്യ പ്രതികരണം,
'കണ്‍ഗ്രാജുലേഷന്‍സ് '
ഒരിക്കല്‍കൂടി ആ സന്ദേശത്തിലേയ്ക്കു കണ്ണുപായിച്ചപ്പോഴാണ് സത്യം ബോധ്യപ്പെട്ടത്. ഗ്രൂപ്പിലെ അംഗങ്ങളിലൊരാളുടെ മകളുടെ വിദ്യാഭ്യാസ നേട്ടത്തില്‍ അഭിനന്ദിച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു അത്. നേട്ടങ്ങളില്‍ അഭിനന്ദിക്കുന്നതു നല്ല കാര്യം തന്നെ. പക്ഷേ, അതിനൊപ്പം ആ എസ്.ഒ.എസ് സന്ദേശത്തിനോടുള്ള പ്രതികരണമൊന്നും കണ്ടില്ല! തിരക്കില്‍ വിട്ടുപോയതാകാം!!
പിന്നീടുള്ള സന്ദേശങ്ങളും നിരാശപ്പെടുത്തുന്നതും സങ്കടപ്പെടുത്തുന്നതുമൊക്കെയായിരുന്നു. ഭക്ഷണപദാര്‍ഥങ്ങള്‍ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്നതിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന വിഡിയോ. എത്രയോ ഗ്രൂപ്പുകളില്‍ കണ്ടു മടുത്തത്. അടുത്തത് ഉപദേശി പ്രസംഗംപോലൊന്ന്. തായ്‌ലന്റ് ജനതയെ കണ്ടുപഠിക്കൂ എന്നുപദേശിക്കുന്ന നെടുങ്കന്‍ ലേഖനം. ഗുഹയില്‍ക്കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെ രക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി പരിശ്രമിക്കുമ്പോള്‍ അവര്‍ക്കു ശല്യമാകാതെ മാതൃകാപരമായി പെരുമാറിയ തായ്‌ലന്റ് ജനതയെ പ്രകീര്‍ത്തിക്കുന്ന നീണ്ട കുറിപ്പ്. പ്രകീര്‍ത്തനം നല്ല കാര്യം തന്നെ. പക്ഷേ, അതിനൊപ്പം ആ എസ്.ഒ.എസ് സന്ദേശം മറന്നിരിക്കുന്നു, തിരക്കില്‍ കാണാതെ പോയതാകാം!!
ഇതിനിടയില്‍ ശുഭദിനം ആശംസിക്കുന്നതും ശുഭരാത്രി നേരുന്നതുമൊക്കെയായ ഒട്ടനേകം നിശ്ചലദൃശ്യങ്ങളും ചലച്ചിത്രങ്ങളും കണ്ണിനു മുന്നിലൂടെ കടന്നുപോയി. ഞങ്ങളൊക്കെ പഠിച്ച കലാലയത്തില്‍, ഞങ്ങള്‍ക്കൊപ്പമല്ലെങ്കിലും പഠിച്ച ആ സഹപാഠിയുടെ രോഗചികിത്സയ്ക്കായി എത്തിയ സഹായാഭ്യര്‍ഥനയോട് ആരൊക്കെ എങ്ങനെയൊക്കെ പ്രതികരിച്ചുവെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നതിനാല്‍ ഓരോ സന്ദേശവും കാണാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു.ചെറുകഥകള്‍, കവിതകള്‍, ലോകതത്വങ്ങള്‍, അവനവന്റെ തീന്‍മേശയിലെ വിഭവങ്ങളുടെ മേനി കാണിക്കലുകള്‍ അങ്ങനെ പലതും കണ്‍മുന്നില്‍ നിറഞ്ഞു. ജയിംസിന്റെ രോഗവിവരത്തെക്കുറിച്ചു ചോദിക്കുന്നതോ സഹായസന്നദ്ധത അറിയിക്കുന്നതോ ആയ ഒരു സന്ദേശവും അതുവരെ കണ്ടില്ല.
അല്ല, അതാ ഒരു കുറിപ്പ്,
അതു ജയിംസിന്റെ രോഗവുമായി ബന്ധപ്പെട്ടതാണ്.
'ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമല്ലോ, ബാബുരാജ് പ്ലീസ് കോഓര്‍ഡിനേറ്റ് ഇമ്മീഡിയറ്റ്‌ലി. എവിടെയായാലും അര്‍ജന്റ് മീറ്റിങ് വിളിക്കണം. പണം കലക്ട് ചെയ്തു നല്‍കാം. വരാന്‍ കഴിയാത്തവര്‍ എങ്ങനെയെങ്കിലും ഫണ്ട് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. പ്രിയപ്പെട്ടവരേ പെട്ടെന്നാവട്ടെ, പ്ലീസ് വരട്ടെ പ്രതികരണങ്ങള്‍.'
ആത്മാര്‍ഥ ത തുളുമ്പുന്ന വാക്കുകള്‍. അതു വായിച്ചപ്പോള്‍ ഈ വാട്‌സ്ആപ്പ് കോലാഹല യുഗത്തിലും ഇവിടെ മനുഷ്യസ്‌നേഹികളുണ്ടല്ലോ എന്ന ആശ്വാസം തോന്നി.
'പ്രിയപ്പെട്ടവരേ പെട്ടെന്നാവട്ടെ, പ്ലീസ് വരട്ടെ പ്രതികരണങ്ങള്‍.' എന്ന ആ സന്ദേശത്തിനു പിന്നാലെയെങ്കിലും അനുകൂലപ്രതികരണങ്ങളും വാഗ്ദാനങ്ങളുമായി ഒട്ടേറെപ്പേര്‍ വരുമെന്നു വിശ്വസിച്ചു.
വന്നൂ, ആ ഗ്രൂപ്പില്‍ ഒട്ടേറെ സന്ദേശങ്ങള്‍. അതില്‍ ആദ്യത്തേതിങ്ങനെ,
'എല്‍.ഇ.ഡി ടി.വി കണ്ടിട്ടുള്ളവരാണു നമ്മള്‍, എന്നാല്‍ എല്‍.ഇ.ഡി കാര്‍ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇതൊന്നുകണ്ടുനോക്കൂ.'
ആ സന്ദേശത്തിനതു പിന്നാലെ എല്‍.ഇ.ഡി കാറ് സംബന്ധിച്ച ദൃശ്യവും. ഇതിനിടയില്‍, രോഗിയെക്കുറിച്ചുള്ള വിവരവും സഹായാഭ്യര്‍ഥനയും ഗ്രൂപ്പിലിട്ട സുഹൃത്തിന്റെ രണ്ടാമത്തെ സന്ദേശം വന്നു.
'വന്‍കിട ആശുപത്രിയില്‍ ചികിത്സ തുടരാനാവാത്തതിനാല്‍ ചെറിയൊരു ആശുപത്രിയിലേയ്ക്കു മാറ്റാനാണു ബന്ധുക്കള്‍ ആലോചിക്കുന്നത്. നാളെ കുടുംബാംഗങ്ങളെ കണ്ടശേഷം കൂടുതല്‍ വിവരങ്ങളറിയിക്കാം.' ആ സന്ദേശം തുറന്നുപറയാതെ തന്നെ ഒരഭ്യര്‍ഥന നടത്തുന്നുണ്ടായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ പണത്തിനായി നട്ടംതിരിയുകയാണ്. വലിയ ആശുപത്രിയിലെ വിദഗ്ധ ചികിത്സ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര്‍ക്കു താങ്ങാനാവുന്നില്ല. അടിയന്തരമായി സഹായിച്ചാല്‍ അത്രയും ഉപകാരം.
ഇതിനിടയില്‍, ഗ്രൂപ്പിലെ മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അടിയന്തരമായി യോഗം ചേര്‍ന്നു. രോഗിക്കു സാമ്പത്തികസഹായം കൊടുക്കാന്‍ തീരുമാനിച്ചു. ധനസഹായം അഭ്യര്‍ഥിച്ചുകൊണ്ടു ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപ്പോഴും സന്ദേശങ്ങളുടെ പെരുമഴ തുടരുന്നുണ്ടായിരുന്നു. വീണുകിട്ടിയ പണം പൊലിസിനെ ഏല്‍പ്പിച്ചു സത്യസന്ധത തെളിയിച്ച ചെറുപ്പക്കാരനെപ്പറ്റി, എങ്ങനെ വ്യായാമം നിരന്തരമായി ചെയ്തു രോഗത്തില്‍ നിന്നു രക്ഷനേടാമെന്നതിനെപ്പറ്റി, ബേക്കറി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി. അങ്ങനെ പലതിനെയും പറ്റി. ആ സന്ദേശപെരുവെള്ളപ്പാച്ചിലിനിടയില്‍, രോഗിയെക്കുറിച്ചുള്ള ആദ്യസന്ദേശമയച്ച സുഹൃത്തിന്റെ ഒരു കൊച്ചുകുറിപ്പ്.
അതിലെ വാചകങ്ങള്‍ ഇങ്ങനെ...
'പ്രിയപ്പെട്ടവരേ, ഒരിക്കല്‍ നമ്മുടെ സഹപാഠിയോ കോളജ്‌മേറ്റോ ഒക്കെയായിരുന്ന, ജയിംസ് അല്‍പ്പം മുമ്പു നമ്മോടു വിട പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കാം.'
വീണ്ടും കര്‍ക്കടകമഴ പോലെ സന്ദേശങ്ങള്‍.
വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
'ആത്മാവിനു നിത്യശാന്തി നേരുന്നു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."